
മദ്രസയിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലവരുന്ന കള്ളനോട്ടുകൾ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ പൈത്തിയ ഗ്രാമത്തിലാണ് സംഭവം. മാലേഗാവിൽ കള്ളനോട്ടുമായി ഇമാം പിടിയിലായതിന് പിന്നാലെയാണ് മദ്രസയിൽ പൊലീസ് റെയ്ഡ് നടത്തിയത്. ബുർഹാൻപൂർ സ്വദേശിയായ സുബൈർ അൻസാരി എന്നയാളാണ് കള്ളനോട്ടുമായി അറസ്റ്റിലായത്.
ഇമാം താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 500, 200 നോട്ടുകളുടെ കെട്ടുകൾ നിറഞ്ഞ ബാഗ് ഉദ്യോഗസ്ഥർ കണ്ടെത്തി. മൂന്ന് മാസം മുൻപ് മദ്രസയിലെ ഇമാമായി നിയമിതനായ ഇയാൾ ഇടയ്ക്കിടെ അവധി എടുത്ത് പോകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഒക്ടോബർ 26ന് അമ്മയുടെ രോഗം ചൂണ്ടിക്കാട്ടി ഗ്രാമം വിട്ട സുബൈർ പിന്നെ തിരികെ എത്തിയില്ല.
തുടർന്ന്, ഒക്ടോബർ 29ന് മാലേഗാവിൽ, സുബൈറിനെയും നാസിം അൻസാരിയെയും കള്ളനോട്ടുമായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈ–ആഗ്ര ഹൈവേയിലെ ഹോട്ടൽ ഏവനിന് സമീപം ഇവരെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. തുടർന്ന് മാലേഗാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖണ്ഡ്വയിലെ ബന്ധം പുറത്ത് വന്നത്.











