
വിവാഹതട്ടിപ്പിന് അറസ്റ്റിലായ എറണാകുളം സ്വദേശിനി രേഷ്മ ലക്ഷ്യമിട്ടത് സാമ്പത്തിക ലാഭമായിരുന്നില്ലെന്ന് പൊലീസ്. മുപ്പത്തഞ്ചുകാരിയായ രേഷ്മ ഇതുവരെ പത്തു പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. പതിനൊന്നാമത്തെ വിവാഹം ആര്യനാട്ടെ പഞ്ചായത്ത് മെമ്പറുമായി നടക്കേണ്ടിയിരുന്ന ദിവസമാണ് യുവതി പിടിയിലായത്. ഈ ബന്ധങ്ങളിലൊന്നും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മാത്രവുമല്ല, മിക്ക ഭർത്താക്കന്മാരുമായും അവരുടെ കുടുംബവുമായും രേഷ്മ നല്ലബന്ധം പുലർത്തുകയും ചെയ്തിരുന്നു.
വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു പിടിയിലായപ്പോൾ രേഷ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ, പൊലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. പിന്നീട് വിശദമായ അന്വേഷണത്തിൽ ഇതു സത്യമാണെന്നാണ് തെളിയുന്നത്. രേഷ്മ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതി യുവതിയുടെ ഭർത്താക്കന്മാരിൽ ഒരാൾക്കുപോലുമില്ല.
പല വിവാഹത്തിനും പുരുഷന്മാർ താലി മാത്രമാണ് കെട്ടിയത്. സ്വർണമാല പോലും ഉണ്ടായിരുന്നില്ല. ഒരു ഭർത്താവിന്റെയും പണമോ സ്വർണമോ ഇവർ അടിച്ചുമാറ്റുകയും ചെയ്തിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് രേഷ്മ വിവാഹം കഴിച്ചവരിൽ നിന്ന് വാങ്ങിയത്. മറ്റൊരു വിവാഹം കഴിച്ചാലും യുവതി പഴയ ഭർത്താക്കന്മാരെ ആരെയും അവഗണിക്കുകയോ കയ്യൊഴിയുകയോ ചെയ്തിരുന്നില്ല. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. ഭർത്താക്കന്മാരുടെ വീട്ടുകാരുമായി പോലും യുവതി നല്ല ബന്ധം പുലർത്തിവന്നിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
2014-ൽ പഠിക്കുന്ന കാലത്ത് പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാൽ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടർന്നു. 2022-ൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഈ ഭർത്താവ് വിദേശത്തേക്കു പോയി. ശേഷം 2022-ൽ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്‌കാലിക ജോലിക്ക് വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാൺകുഞ്ഞുള്ളത്.
പിന്നീട് ബിഹാറിൽ അധ്യാപികയായി ജോലി നോക്കി. 2024-ൽ കേരളത്തിൽ രേഷ്മ തിരിച്ചെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാർച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്. ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയൽ വൈബ്‌സൈറ്റ് വഴിയാണ്.
വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മ പുലർത്തിയിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ തിരിച്ച് വിദേശത്തേക്കു പോയി. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദം. കോട്ടയം സ്വദേശിയാണ് രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അമ്പലം അടച്ചതിനാൽ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിനായി രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.











