01:47pm 18 July 2026
NEWS
ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് പൊലീസ്
11/11/2025  01:29 PM IST
nila
ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് പൊലീസ്

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ചാവേർ ആക്രമണമെന്നു സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമായി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ചാവേർ ആക്രമണമായിരിക്കാമെന്ന സംശയത്തിലാണ് എൻഐഎയും അന്വേഷണം ആരംഭിച്ചത്.

ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, സ്ഫോടനത്തിൽ ഉപയോഗിച്ച കാറിന്റെ ഉടമയായ ഉമർ പരിഭ്രാന്തനാകുകയും, ചെങ്കോട്ടയ്ക്കു സമീപം കാറിൽ സ്ഫോടനം നടത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഉമർ കാറിൽ ഒപ്പം ഉണ്ടായിരുന്നവരുമായി ആക്രമണം ആസൂത്രണം ചെയ്തതായും, കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച വ്യക്തി ഉമറാണോ എന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് സ്ഫോടനത്തിൽ ഉപയോഗിച്ചതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img