
കാസർകോട്: ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കാൻ തീരുമാനിച്ചെത്തിയ യുവതിയുടെ ജീവൻ രക്ഷിച്ച് പൊലീസ്. കാസർകോട് ജില്ലയിലെ കളനാട് ഗ്രാമവാസിയായ ഇരുപത്തേഴുകാരിക്കാണ് പൊലീസ് രക്ഷകരായത്. അമ്മയോട് പിണങ്ങിയാണ് ഗൾഫുകാരന്റെ ഭാര്യയും രണ്ടു മക്കളുടെ മാതാവുമായ യുവതി ജീവനൊടുക്കാൻ തീരുമാനിച്ചത്. യുവതി വീടുവിട്ടിറങ്ങിയതോടെ യുവതിയുടെ അമ്മ മേൽപറമ്പ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയതും അനുനയിപ്പിച്ച് വീട്ടുകാർക്കൊപ്പം അയച്ചതും.
യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. അമ്മയോടൊപ്പമാണ് യുവതിയും രണ്ടു മക്കളും താമസം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് യുവതിയുടെ അമ്മ ചട്ടഞ്ചാലിലെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിക്കുന്നത്. വീടുവിട്ടിറങ്ങിയ മകളെ രക്ഷപ്പെടുത്തണമെന്നായിരുന്നു കരഞ്ഞുകൊണ്ട് ആ അമ്മ പൊലീസിനോട് അഭ്യർഥിച്ചത്.
സ്റ്റേഷനിൽ പാറാവ് ജോലിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.രാജേഷായിരുന്നു ഫോണെടുത്തത്. യുവതിയുടെ ഫോൺനമ്പർ വാങ്ങി ഇൻസ്പെക്ടർ എൻ.പി.രാഘവനെ വിവരമറിയിച്ചു. അദ്ദേഹം എസ്ഐ വി.കെ.അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.രാജേഷ്, ഹരീഷ് കടവത്ത്, ഡ്രൈവർ സിപിഒ ജയിംസ് എന്നിവരെ യുവതിയെ കണ്ടെത്താൻ അടിയന്തര നിർദേശം നൽകി. അമ്മ നൽകിയ നമ്പറിലേക്ക് പൊലീസ് വിളിച്ചെങ്കിലും യുവതി ഫോണെടുത്തില്ല. ഇതേത്തുടർന്ന് സൈബർ സെല്ലിന്റെ സഹായം തേടി.
ഫോൺ ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ യുവതി ഫോണെടുത്തെങ്കിലും ആദ്യം കരച്ചിൽ മാത്രമാണ് മറുപടിയായി നൽകിയത്. എവിടെയാണുള്ളതെന്ന് വ്യക്തമാക്കാൻ തയ്യാറായതുമില്ല. പൊലീസ് നിരന്തരമായി അഭ്യർഥിച്ചപ്പോൾ ഇടുവുങ്കാലിൽ ഓട്ടോ ഇറങ്ങിയതായി അറിയിച്ചു. എന്നാൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാണിച്ചത് ചാത്തങ്കൈ പ്രദേശമായിരുന്നു. യുവതി നൽകുന്ന വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ പൊലീസ് ഫോൺ സംഭാഷണം വിച്ഛേദിക്കാതെതന്നെ ചാത്തങ്കൈ ഭാഗത്തേക്ക് ജീപ്പിൽ കുതിച്ചു.
റെയിൽവേ പാളത്തിലൂടെ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവതിയെ 1.05-ഓടെ കണ്ടെത്തിയത്. തീവണ്ടി വരുമ്പോൾ ചാടാനായി കാത്തിരിക്കുകയാണെന്ന് യുവതി ചോദ്യംചെയ്യലിൽ വ്യക്തമാക്കി. സമാധാനിപ്പിച്ച് പൊലീസ് യുവതിയെ മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ചു. മാതാവിനെ വിവരമറിയിച്ചു. നിസ്സാര വാക്‌തർക്കത്തിന്റെ പേരിൽ മരിക്കാൻ തീരുമാനിച്ച മകളെ കണ്ടതോടെ ബന്ധുക്കളോടൊപ്പമെത്തിയ ആ അമ്മ സങ്കടത്തോടെ പൊട്ടിക്കരഞ്ഞു. ഈ മക്കളെയാക്കി എങ്ങനെ നിനക്ക് പോകാനായെന്നും അമ്മ വിതുമ്പുന്നുണ്ടായിരുന്നു. പൊലീസ് കൗൺസലിങ്ങിൽ പങ്കെടുത്തശേഷം യുവതി ആശ്വാസത്തോടെ അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.











