
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ മദ്യപിച്ച പൊലീസുകാർക്ക് സസ്‌പെൻഷൻ. ഗ്രേഡ് എസ്‌ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വാഹനത്തിൽ ഉണ്ടായിരുന്ന ആറുപേരിൽ നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയതെങ്കിലും ആറുപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഗ്രേഡ് എസ്‌ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും.
പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പരസ്യമദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം. മദ്യപിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചെന്നും റിപ്പോർട്ടുകളുണ്ട്.










