06:44pm 23 August 2026
NEWS
വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്
23/08/2026  06:23 PM IST
NILA
വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

 

ന്യൂഡൽഹി: ഡൽഹിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ ആൾക്കൂട്ട ആക്രമണം. മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞും ഇഷ്ടികയും വടികളും ഉപയോഗിച്ചുമാണ് സംഘം പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ഭൽസ്വ ഡയറി മേഖലയിലെ മുകുന്ദ്പൂർ ജനതാ വിഹാർ പ്രദേശത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. പതിവ് പട്രോളിംഗിന്റെയും പരിശോധനയുടെയും ഭാഗമായി എത്തിയ പൊലീസുകാർ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മോട്ടോർസൈക്കിൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ മോട്ടോർസൈക്കിളിന്റെ ഉടമയും കുടുംബാംഗങ്ങളും പൊലീസുകാരുമായി തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം രൂക്ഷമായതോടെ സംഘം പൊലീസുകാരുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ഇഷ്ടികയും വടികളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശ്, രാജേഷ് എന്നിവരെയാണ് ആദ്യം സംഘം ആക്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ടിനുവിനും ആക്രമണത്തിൽ പരിക്കേറ്റു. ദിനേശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥർക്കും ചികിത്സ നൽകി.

സംഭവസ്ഥലത്ത് നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സുനിൽ എന്ന പങ്കജ് ആണ് സംഭവത്തിലെ മുഖ്യപ്രതിയെന്നും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇയാളാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ അറിയപ്പെടുന്ന കുറ്റവാളിയാണ് പങ്കജെന്നും ഹീനമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും ഇതിൽ രണ്ട് കേസുകൾ എൻഡിപിഎസ് നിയമപ്രകാരമുള്ളതാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img