03:09pm 12 November 2026
NEWS
പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറി; കൊച്ചിയിലെ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
07/01/2026  03:19 PM IST
nila
പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറി; കൊച്ചിയിലെ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഹാർബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. പാസ്‌പോർട്ടിന് അപേക്ഷ നൽകിയ പള്ളുരുത്തി സ്വദേശിനിയായ യുവതിയുടെ വിലാസ പരിശോധനയ്ക്കായി വീട്ടിലെത്തേണ്ടതിനുപകരം, നേരിട്ട് കാണമെന്നാവശ്യപ്പെട്ട് വിജേഷ് യുവതിയെ വിളിച്ചുവരുത്തി എന്നാണ് പരാതി. തുടർന്ന് തോപ്പുംപടി പാലത്തിന് സമീപമുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് സമീപം എത്താൻ യുവതിയോട് നിർദേശിക്കുകയും, അവിടെ എത്തിയപ്പോൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കാറിനുള്ളിൽ വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് കേസിലെ ആരോപണം.

സംഭവത്തിന് പിന്നാലെ യുവതി അടുത്ത ദിവസം തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാർബർ പൊലീസ് വിജേഷിനെതിരെ കേസെടുത്തു. സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിൽ പെരുമാറിയെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് സിപിഒയെ സസ്പെൻഡ് ചെയ്തതെന്ന് പൊലീസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.

ഇതോടൊപ്പം വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും, അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img