11:14pm 22 August 2026
NEWS

കൈക്കൂലി, ഭീഷണി, സ്ഥലമിടപാട്; പൊലീസ് ഉദ്യോ​ഗസ്ഥക്ക് സസ്പെൻഷൻ

22/08/2026  09:03 PM IST
nila
 കൈക്കൂലി, ഭീഷണി, സ്ഥലമിടപാട്; പൊലീസ് ഉദ്യോ​ഗസ്ഥക്ക് സസ്പെൻഷൻ

ഭോപ്പാൽ: എയർ ഹോസ്റ്റസിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥയായി മാറിയ നേഹ പച്ചീസി അഴിമതി ആരോപണത്തിൽ കുരുങ്ങി. മധ്യപ്രദേശിലെ കട്നി സിറ്റി പൊലീസ് സൂപ്രണ്ടായിരുന്ന നേഹയെ സസ്പെൻഡ് ചെയ്തു. കൊലക്കേസിൽ പ്രതിയായ വ്യക്തിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് ഭൂമി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് പ്രധാന ആരോപണം.

രമേശ് ലോധിയുടെ ഉടമസ്ഥതയിലുള്ള 82.86 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വെറും 18.20 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊലക്കേസിൽ ലോധി ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ഇടപാട്. കുടുംബത്തെ സമ്മർദത്തിലാക്കി മറൂഫ് അഹമ്മദ് ഹനഫിക്ക് ഭൂമി വിൽക്കാൻ നിർബന്ധിച്ചെന്നാണ് നേഹയ്ക്കെതിരായ പരാതി.

ഇടപാടിൽ 15 ലക്ഷം രൂപ ചെക്കായും 3.20 ലക്ഷം രൂപ പണമായും നൽകിയതായി രേഖകളിലുണ്ട്. എന്നാൽ ഭൂമി വാങ്ങിയ മറൂഫ് അഹമ്മദിന്റെ അക്കൗണ്ടിൽ ഇടപാടിന് മുൻപ് ഉണ്ടായിരുന്നത് വളരെ ചെറിയ തുകയായിരുന്നു. ഏപ്രിൽ 15ന് ഭൂമി കൈമാറ്റം നടന്ന ദിവസം തന്നെ അക്കൗണ്ടിൽ 15 ലക്ഷം രൂപ എത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.

ഈ തുകയിൽ 10 ലക്ഷം രൂപ ‘ഷൈൻ പാർട്ണേഴ്സ്’ എന്ന സ്ഥാപനത്തിൽനിന്നും അഞ്ച് ലക്ഷം രൂപ ക്ഷിതിജ് രാജ് ബരപത്രയുടെ അക്കൗണ്ടിൽനിന്നുമാണ് എത്തിയത്. ഇരുവരുടെയും അക്കൗണ്ടുകൾ ഒരേ പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്ഷിതിജ് രാജ് ബരപത്രയ്ക്ക് നേഹയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ ഭോപ്പാൽ വിജിലൻസ് ബ്രാഞ്ചിന്റെ പരാതിയുടെയും ജബൽപുർ സോണിന്റെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കട്നി പൊലീസ് സൂപ്രണ്ട് അഭിനവ് വിശ്വകർമ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഇടപെടൽ

ആരോപണം ഗൗരവമായി പരിഗണിച്ച മുഖ്യമന്ത്രി മോഹൻ യാദവ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നേഹ പച്ചീസിയെ സസ്പെൻഡ് ചെയ്തു. അവരുടെ കീഴിലുണ്ടായിരുന്ന മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും ഡിഎസ്പിയുടെ പരിധിയിലേക്ക് മാറ്റി.

30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി

നേഹയ്ക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയർന്നിരുന്നു. വാഹന വ്യാപാരിയായ മഹേന്ദ്ര ജെയിനാണ് പരാതി നൽകിയത്. വാഹനം വിട്ടുനൽകുന്നതിനായി 30,000 രൂപ ആവശ്യപ്പെട്ടെന്നും ഇതിൽ 25,000 രൂപ നൽകിയെന്നും പരാതിയിൽ പറയുന്നു. ബാക്കി 5,000 രൂപ ഡ്രൈവറുടെ കൈവശം നൽകാൻ നിർദേശിച്ചതായും ആരോപണമുണ്ട്.

പണം നൽകാത്തപക്ഷം ട്രക്ക് പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മഹേന്ദ്ര ജെയിൻ ആരോപിച്ചിരുന്നു. തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്നാണ് വിവരം.

എയർ ഹോസ്റ്റസിൽ നിന്ന് ഡിവൈഎസ്പിയിലേക്ക്

നേഹ പച്ചീസിയുടെ ഔദ്യോഗിക ജീവിതത്തിലെ മാറ്റവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. എയർ ഹോസ്റ്റസായി ജോലി ചെയ്യുന്നതിനിടെയാണ് അവർ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്ക് തയ്യാറെടുത്തത്. 2012ൽ എംപിപിഎസ്സി പരീക്ഷയിൽ 20-ാം റാങ്ക് നേടി ഡിവൈഎസ്പിയായി പൊലീസ് സേനയിൽ പ്രവേശിച്ചു.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥയായി ഉയർന്ന നേഹയുടെ കരിയറിന് ഇപ്പോൾ അഴിമതി ആരോപണം തിരിച്ചടിയായിരിക്കുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണവും ആരോപണങ്ങളുടെ തുടർ നടപടികളും നിർണായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img