
കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് കൊല്ലപ്പെട്ടത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് ശ്യാം പ്രസാദ്. സംഭവത്തിൽ ഒരാൾ പിടിയിലായി. പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ്(27) ആണ് പിടിയിലായത്. രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിബിൻ ജോർജ്.
തിങ്കളാഴ്ച പുലർച്ചെ ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപത്തെ തട്ടുകടയിൽ ജിബിൻ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് ശ്യാം പ്രസാദ് കടയിൽ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം എത്തിയെന്നും, പ്രശ്നം ഉണ്ടാക്കിയാൽ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതോടെ ക്ഷുഭിതനായ പ്രതി ശ്യാമിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ് നിലത്തുവീണ ശ്യാമിന്റെ നെഞ്ചിൽ ജിബിൻ ജോർജ്ജ് ചവിട്ടുകയായിരുന്നു.
ഈ അക്രമ സംഭവങ്ങൾ കണ്ടാണ് രാത്രി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ എസ് ഷിജി സ്ഥലത്ത് എത്തിയത്. പൊലീസ് വാഹനം കണ്ട ഉടൻ തന്നെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ പിന്നാലെ ഓടിയ പോലീസ് സംഘം പ്രതിയെ പിടികൂടി. ഇതിന് ശേഷം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി രണ്ട് മണിയോടെ ശ്യാം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അടക്കം ഉള്ള ഉദ്യോഗസ്ഥർ കാരിത്താസ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തി.







