
ന്യൂഡൽഹി: ലോകായുക്ത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടിയെടുക്കാൻ സംഘം പ്രവർത്തിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ശ്രീനാഥ് ജോഷി മഹാദേവിന് അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അഴിമതി തടയേണ്ട സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ അഴിമതിയിൽ പങ്കാളിയായെന്ന ആരോപണം ഗൗരവത്തോടെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.
കർണാടക ലോകായുക്ത പൊലീസ് നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ദേവയും അടങ്ങിയ ബെഞ്ചിന്റെ നടപടി. ഉത്തരവിന്റെ തീയതി മുതൽ മൂന്നാഴ്ചയ്ക്കകം കീഴടങ്ങാൻ നിർദേശിച്ച കോടതി, തുടർന്ന് ബന്ധപ്പെട്ട കോടതിയിൽ നിയമാനുസൃതമായി സാധാരണ ജാമ്യത്തിന് അപേക്ഷിക്കാമെന്നും വ്യക്തമാക്കി.
ആരോപണവിധേയമായ സംഭവം നടക്കുമ്പോൾ ജോഷി ലോകായുക്ത പൊലീസിൽ സൂപ്രണ്ടായിരുന്നുവെന്നത് അവഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്. അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലോകായുക്ത സംവിധാനത്തിലെ ഉദ്യോഗസ്ഥൻ തന്നെ അത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടെന്ന ആരോപണം വിശദമായ പരിശോധന ആവശ്യപ്പെടുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
യൂണിഫോം സർവീസിലെ ഉന്നത ഉദ്യോഗസ്ഥനായ പ്രതിക്ക്, ക്രിമിനൽ കേസിലെ അന്വേഷണത്തിൽനിന്നോ അറസ്റ്റിൽനിന്നോ സംരക്ഷണം തേടുന്ന സാധാരണ പൗരനുമായി തുല്യത അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയും സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ട പൊലീസ് കോൺസ്റ്റബിളുമായ നിംഗപ്പ സാവന്ത ജോഷിയുമായി ബന്ധം പുലർത്തുകയും അദ്ദേഹത്തിന്റെ ഓഫീസ് സന്ദർശിക്കുകയും ചെയ്തിരുന്നതായാണ് പ്രോസിക്യൂഷന്റെ ആരോപണം.
പ്രോസിക്യൂഷൻ ശേഖരിച്ച നിർണായക വിവരങ്ങളും തെളിവുകളും കൂടുതൽ ആഴത്തിലുള്ള പരിശോധന ആവശ്യപ്പെടുന്നവയാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇവ വേണ്ടവിധം പരിഗണിക്കാതെ മുൻകൂർ ജാമ്യം അനുവദിച്ചതിലൂടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടിവരാനുള്ള സാധ്യത ഹൈക്കോടതി തടഞ്ഞത് ന്യായീകരിക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
തുടർന്നാണ് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവ് റദ്ദാക്കി, ഉദ്യോഗസ്ഥനോട് നിശ്ചിത സമയത്തിനകം കീഴടങ്ങാൻ സുപ്രീം കോടതി നിർദേശിച്ചത്.










