04:22am 14 October 2026
NEWS
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയിൽനിന്ന് 14.5 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ
12/10/2026  08:22 AM IST
nila
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയിൽനിന്ന് 14.5 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) അതിയന്നൂർ സ്വദേശി ധനീഷ് കുമാർ (39) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

എറണാകുളം സ്വദേശിനിയായ 39കാരിയാണ് ധനീഷ് കുമാറിനെതിരെ പരാതി നൽകിയത്. ജനുവരിയിൽ ഇയാൾ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ യുവതി ഒരു പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ചില ചിത്രങ്ങളും വിഡിയോകളും പൊലീസിന് കൈമാറി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് അന്വേഷണസംഘത്തിലുണ്ടായിരുന്ന ധനീഷ് കുമാർ യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

2026 ജനുവരി 24 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിൽ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് ഇയാൾ യുവതിയോട് പണം ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. വിവിധ ദിവസങ്ങളിലായി 14.5 ലക്ഷം രൂപ കൈക്കലാക്കിയതിനു പുറമേ 82,590 രൂപ വിലവരുന്ന മൊബൈൽ ഫോണും യുവതിയെക്കൊണ്ട് വാങ്ങിപ്പിച്ചതായാണ് ആരോപണം.

തുടർന്ന് യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെ സമീപിച്ചു. അവിടെനിന്ന് പരാതി മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img