
പത്തനംതിട്ട: ശബരിമല തീർഥാടനകാലം ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികളെ റാന്നിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് തിരിച്ചറിഞ്ഞ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും കണ്ടെത്തി.
കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി (ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്നു), തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത (ലക്ഷ്മി, പാർവതി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവരാണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. അസ്വാഭാവികമായി തോന്നിയതിനെ തുടർന്ന് ബസ് ജീവനക്കാർ റാന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരം അറിയിച്ചു. അദ്ദേഹം റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിനെ വിവരം ധരിപ്പിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു.
ഡിവൈഎസ്പിയുടെ നിർദേശപ്രകാരം റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപ കണ്ടെത്തിയത്.
തുടർന്ന് പൊലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഫോട്ടോകൾ പരിശോധിച്ചാണ് ഇരുവരുടെയും മുൻകാല കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ചത്. വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.








