06:39am 09 November 2026
NEWS
കേരളത്തിൽ ഗുണ്ടാവേട്ട ശക്തമാക്കി പൊലീസ്; ‘ഓപ്പറേഷൻ ഗ്രിപ്പ്’ പട്ടികയിൽ 300 പേർ; സ്പോൺസർമാരും നിരീക്ഷണത്തിൽ
09/08/2026  08:35 AM IST
NILA
കേരളത്തിൽ ഗുണ്ടാവേട്ട ശക്തമാക്കി പൊലീസ്; ‘ഓപ്പറേഷൻ ഗ്രിപ്പ്’ പട്ടികയിൽ 300 പേർ; സ്പോൺസർമാരും നിരീക്ഷണത്തിൽ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിൽ ആരംഭിച്ച സംസ്ഥാനവ്യാപക ഗുണ്ടാവേട്ടയുടെ ഭാഗമായി 300 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ഒരാഴ്ച മുൻപേ രഹസ്യമായി നടപടികൾ ആരംഭിച്ചിരുന്നുവെന്നാണ് വിവരം. ഗുണ്ടകൾക്ക് സാമ്പത്തികവും മറ്റ് തരത്തിലുള്ള സഹായങ്ങളും നൽകുന്ന സ്പോൺസർമാരെക്കുറിച്ചും ഇന്റലിജൻസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ശത്രുക്കളെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ഗുണ്ടാസംഘങ്ങൾക്ക് കോടികൾ ചെലവഴിക്കുന്നവരുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മധ്യകേരളത്തിലെ ഒരു വ്യവസായി ബെംഗളൂരുവിൽനിന്ന് ഗുണ്ടകളെ എത്തിച്ചതായും വിദേശത്തേക്ക് ഗുണ്ടകളെ അയച്ച് കുടിപ്പക തീർക്കാൻ ശ്രമിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവങ്ങളിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ, മയക്കുമരുന്ന് മാഫിയകൾക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടാസംഘങ്ങളുടെ ഒത്തുചേരലിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷൻ ഗ്രിപ്പ്’ നടപ്പാക്കുന്നത്. കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഗുണ്ടാബന്ധമുള്ളവർ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിശോധന. ഇവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തുന്നവരും സാമ്പത്തികമോ മറ്റ് സഹായങ്ങളോ നൽകുന്നവരും നിരീക്ഷണത്തിലാണ്. അതേസമയം, ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും പൊലീസ് നീക്കം തുടങ്ങി.

അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട കേസുകളിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി 21ഓളം പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ ഗുണ്ടാ ശൃംഖലയെ ലക്ഷ്യമിട്ട് നടപടി കൂടുതൽ ശക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img