06:32pm 18 April 2026
NEWS
പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ് കണ്ടെത്തല്‍.
19/06/2025  01:09 PM IST
ചെറുകര സണ്ണിലൂക്കോസ്
പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ് കണ്ടെത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സംഭവം ഇങ്ങനെ- കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവർ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

പിന്നീട് അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച്‌ വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്ബായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിൻറെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റിലായ പ്രതികളില്‍നിന്ന് പോലീസ് കണ്ടെത്തി.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img