
മലയാറ്റൂരിലെ പത്തൊൻപതുകാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ ചിത്രപ്രിയയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്.
പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. തലയിൽ കല്ലുപയോഗിച്ച് മർദ്ദിച്ച പാടുകളുമുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. നിലവിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ചിത്രപ്രിയ. കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കും.








