
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലെ വടിവാൾ ആക്രമണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശരത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വാഹനം തകർത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് സിപിഎം പ്രവർത്തകർ കണ്ണൂർ പാറാട് പാനൂരിൽ വടിവാൾ വീശി ആക്രമണം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാർട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്.
വടിവാൾ വീശി ആളുകൾക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്കു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് ഇതിനിടെ ലാത്തി വീശി ഇരുവിഭാഗം പ്രവർത്തകരെയും സ്ഥലത്തു നിന്ന് നീക്കിയിരുന്നു. എന്നാൽ പിന്നീട് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തുകയും വീടുകളിൽ കടന്നുചെന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.











