07:47am 14 November 2026
NEWS
പത്തനംതിട്ടയിലെ 13-കാരിയുടെ പീഡന പരാതി വ്യാജം
05/07/2026  09:25 AM IST
nila
പത്തനംതിട്ടയിലെ 13-കാരിയുടെ പീഡന പരാതി വ്യാജം

പത്തനംതിട്ടയിൽ 13 വയസ്സുകാരി സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി അന്വേഷണത്തിൽ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വൈദ്യപരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമായത്.

ആദ്യഘട്ടത്തിൽ പത്തിലധികം പേർ തന്നെ പീഡിപ്പിച്ചുവെന്നും അതിൽ ആറുപേർ സഹപാഠികളാണെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിലും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളിലും വൈരുധ്യങ്ങൾ കണ്ടെത്തിയതോടെ ഇവരെ താൽക്കാലികമായി വിട്ടയക്കുകയായിരുന്നു.

വൈദ്യപരിശോധനാ ഫലം ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോൾ സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റി. കുട്ടികൾ തമ്മിലുണ്ടായ തർക്കമോ മറ്റ് വ്യക്തിപരമായ കാരണങ്ങളോ പരാതിക്ക് പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡനാരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. സ്കൂളിന് സമീപവും ഒരു സഹപാഠിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നായിരുന്നു ആദ്യം നൽകിയ മൊഴി. എന്നാൽ അന്വേഷണത്തിൽ ആരോപിക്കപ്പെട്ട സമയത്ത് ഇവർ എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി.

സംഭവം പുറത്തുവന്നതിന് പിന്നാലെ ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img