12:02pm 29 August 2026
NEWS
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കോൺ​ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
29/08/2026  06:28 AM IST
nila
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കോൺ​ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പൊലീസാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.

ചേന്തിയിലെ ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിലുള്ള പ്രതിഷേധമാണ് വാഹനവ്യൂഹം തടയുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനത്തിന് കൈകാണിച്ച് തടഞ്ഞത്.

വാഹനം നിർത്തിയ ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങി സംഭവത്തെക്കുറിച്ച് ചോദിച്ചു. ഇതിനിടെ മുഖ്യമന്ത്രിയും ചേന്തി അനിലും തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. 'എന്താണ് പ്രശ്നം, എന്താ?' എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ, 'മര്യാദയ്ക്ക് സംസാരിച്ചോളണം' എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?' എന്നായിരുന്നു അനിലിന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

അതേസമയം, ചേന്തിയിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി മാസങ്ങൾക്കു മുമ്പ് ഉറപ്പ് നൽകിയിരുന്നതായി ചേന്തി അനിൽ ആരോപിച്ചു. അവസാന നിമിഷം വരെയും മുഖ്യമന്ത്രി പരിപാടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ഉള്ളൂരിലെ ഒരു വിവാഹവീട്ടിൽ എത്തിയ മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കാതെ ചെന്തഴന്തിയിലേക്ക് പോകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കൈകാണിച്ചതെന്നും അനിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി വാഹനത്തിൽനിന്ന് പുറത്തിറങ്ങി ക്ഷുഭിതനായി സംസാരിച്ചെന്നും സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും ചേന്തി അനിൽ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img