09:35pm 24 September 2026
NEWS
നഴ്സിങ് വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
24/09/2026  05:24 PM IST
nila
 നഴ്സിങ് വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

ഹൈദരാബാദ്: തെലങ്കാനയിൽ 18കാരിയായ നഴ്സിംഗ് വിദ്യാർഥിനിയെ വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഖമ്മത്തെ സ്വകാര്യ കോളജിൽ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായ വെങ്കണ്ണപാലം സ്വദേശിനി ഹരിണിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

അവധി ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുൻപാണ് ഹരിണി വീട്ടിലെത്തിയത്. അമ്മ രാജേശ്വരിയും സഹോദരിയും ഹരിണിയുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഹരിണിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളെ വീട്ടിൽ കണ്ടെത്താനായില്ല.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തുള്ള കുളിമുറിക്ക് സമീപം ഹരിണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ രാജേശ്വരി രംഗത്തെത്തി. അയൽവാസികളായ ചിലർക്കെതിരെ സംശയം ഉന്നയിച്ച് പൊലീസിന് മൊഴിയും നൽകി.

തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് നിർണായക വിവരം പുറത്തുവന്നത്. ശ്വാസംമുട്ടിയാണ് ഹരിണി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതോടെയാണ് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. പ്രദേശവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img