11:05am 26 September 2026
NEWS
ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ്; മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ മുന്നറിയിപ്പ്
26/09/2026  10:49 AM IST
nila
ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ്; മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ മുന്നറിയിപ്പ്

കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകർക്ക് പോലീസിന്റെ നിർദേശം. കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് പോലീസ് തടഞ്ഞത്. അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ കെ. ജെ.യുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവർത്തകരോട് നിർദേശം നൽകിയത്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താത്പര്യപ്പെടുന്നില്ലെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞതായി മാധ്യമപ്രവർത്തകർ അറിയിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി എന്ന കാരണവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയിൽനിന്ന് അകലം പാലിക്കണമെന്നും പോലീസ് നിർദേശിച്ചു.

ചോദ്യങ്ങൾ ചോദിക്കുന്നത് വിലക്കാൻ മുകളിൽനിന്ന് നിർദേശം ലഭിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അസിസ്റ്റന്റ് കമ്മിഷണറുടെ മറുപടിയും ശ്രദ്ധേയമായി. ‘നിങ്ങൾ എന്ത് വേണമെങ്കിലും കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ’ എന്നായിരുന്നു മറുപടിയെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു.

കേരളത്തിൽ ഒരു മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പോലീസ് മുൻകൂട്ടി നിർദേശം നൽകുന്നത് ഇതാദ്യമാണെന്നാണ് ഉയരുന്ന ആക്ഷേപം.

അതിനിടെ, കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെത്തിയ മുഖ്യമന്ത്രി യോഗം കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ വിവാദ വിഷയങ്ങളിൽ പ്രതികരണം തേടിയത്.

എന്നാൽ മാധ്യമപ്രവർത്തകരോട് ‘ഞാൻ നിങ്ങളെ കാണുന്നില്ലേ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ പോലീസിനോടും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്ക് അജ്ഞാതനായ വ്യക്തി സ്പോൺസർഷിപ്പ് നൽകിയെന്ന ആരോപണം വിവാദമായ സാഹചര്യത്തിലാണ് തുടർച്ചയായ ഈ സംഭവങ്ങൾ. വിഷയത്തിൽ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയെങ്കിലും അദ്ദേഹം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img