
പത്തനംതിട്ട: കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായർ എസ് (40) ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബാങ്ക് ഓഫ് ഇന്ത്യയിലെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കേസിൽ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിനായാണ് വ്യാഴാഴ്ച കോടതി കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും വാഴമുട്ടത്തെത്തിയത്. വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതോടെ രേഖ ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി.
പരാതിക്കാരിയായ നീതു രാജുവിനും സ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായതായും പരാതിയിൽ പറയുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.15ഓടെയാണ് രേഖയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.








