11:15pm 29 July 2026
NEWS
വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിവാഹത്തിന് തൊട്ടുമുമ്പ് അറസ്റ്റിലായി
14/12/2025  05:17 AM IST
nila
വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിവാഹത്തിന് തൊട്ടുമുമ്പ് അറസ്റ്റിലായി

ബെംഗളൂരു: വിവാഹത്തിന് തൊട്ടുമുമ്പ് വരൻ പീഡനക്കേസിൽ അറസ്റ്റിലായി. കർണാടകയിലെ റായ്‌ചൂരിലാണ് സംഭവം. കൊപ്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് റായ്‌ചൂർ സ്വദേശിയായ റിഷഭ് പൊലീസിന്റെ പിടിയിലായത്. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയും ​ഗർഭിണിയായതോടെ നിർബന്ധിച്ച് ​ഗർഭഛിദ്രം നടത്തുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. പിന്നീട് താനുമായുള്ള ബന്ധം ഉപേക്ഷിച്ച്  റിഷഭ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

ബെല്ലാരിയിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് അത് പ്രണയബന്ധമായി മാറുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും, പിന്നീട് ഗർഭച്ഛിദ്രത്തിന് നിർബന്ധിതയാക്കിയതായും യുവതി ആരോപിച്ചു. ഒരു ക്ഷേത്രത്തിൽ എത്തിച്ച് താലി ചാർത്തിയതായും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് കൈമാറിയതായും യുവതി അറിയിച്ചു.

പരാതി ലഭിച്ചതോടെ റായ്‌ചൂർ വനിതാ പൊലീസ് കേസെടുത്തു. ഇതിനിടെ, യുവതിയിൽ നിന്ന് ഒഴിഞ്ഞുമാറി കഴിഞ്ഞിരുന്ന റിഷഭ് മറ്റൊരു വിവാഹത്തിനായി തയ്യാറെടുക്കുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ച വിവാഹ ക്ഷണക്കത്ത് വഴിയാണ് യുവതി അറിഞ്ഞത്. ഇതോടെ കൊപ്ലയിൽ നിന്ന് നേരിട്ട് റായ്‌ചൂരിലെത്തി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ റായ്‌ചൂർ നഗരത്തിൽ റിഷഭിന്റെ വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ, പൊലീസ് നടത്തിയ ഇടപെടലോടെ വിവാഹം താൽക്കാലികമായി നിർത്തിവെക്കുകയും, ചടങ്ങിന് തൊട്ടുമുമ്പ് തന്നെ റിഷഭിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img