
ദോഹ: ഖത്തർ പോലീസ് അക്കാദമി സുപ്രീം കൗൺസിലിന്റെ 2026 വർഷത്തെ ആദ്യ യോഗം ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്നു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ 'ലെഖ്വിയ' (Lekhwiya) കമാൻഡറും പോലീസ് അക്കാദമി സുപ്രീം കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അക്കാദമി സുപ്രീം കൗൺസിലിലെ മറ്റ് പ്രമുഖ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
അക്കാദമിയുടെ വിദ്യഭ്യാസ-പരിശീലന മേഖലകളുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കോളെജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിന് കീഴിലുള്ള വിവിധ പ്രോഗ്രാമുകളിൽ മാസ്റ്റേഴ്സ് ബിരുദം (Master's Degree) നേടുന്നതിനുള്ള യോഗ്യതകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് ബിരുദങ്ങൾക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി.
അക്കാദമിയുടെ പ്രത്യേക വിഭാഗങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിൽ ഇടംപിടിച്ചു. രാജ്യത്തിന്റെ സുരക്ഷാ മേഖലയിലേക്ക് മികച്ച യോഗ്യതയുള്ള സുരക്ഷാ കേഡർമാരെ വാർത്തെടുക്കുന്നതിൽ അക്കാദമിയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുക, നിലവിലെ വിദ്യാഭ്യാസ-പരിശീലന സമ്പ്രദായങ്ങൾ കൂടുതൽ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് ആവശ്യമായ സുപ്രധാന തീരുമാനങ്ങളും കൗൺസിൽ കൈക്കൊണ്ടു.











