
പാക് അധീന കശ്മീരിലെ പ്രക്ഷോഭം അവസാനിച്ചെന്ന് പാകിസ്ഥാൻ സർക്കാർ. അഞ്ചുദിവസമായി തുടർന്നു വന്ന ഭരണകൂട വിരുദ്ധ സമരത്തിനാണ് അന്ത്യമായിരിക്കുന്നത്. സർക്കാർ പ്രതിനിധി സംഘം എജെകെ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുമായി സമാധാന കരാറിൽ ഒപ്പുവെച്ചെന്ന് പാകിസ്താൻ പാർലമെന്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു.
പാക് അധീന കശ്മീരിലെ 12 നിയമസഭാസീറ്റുകളിൽ കശ്മീരി അഭയാർഥികൾക്കുള്ള സംവരണം അവസാനിപ്പിക്കുക, ഗോതമ്പുമാവിന് സബ്സിഡി നൽകുക, സൗജന്യവിദ്യാഭ്യാസം, വൈദ്യുതിനികുതി കുറയ്ക്കുക തുടങ്ങിയ 38 പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പിഒകെ ഭരണകൂടം പരാജയപ്പെട്ടെന്നാരോപിച്ചാണ് പ്രക്ഷോഭം ആരംഭിച്ചത്. സെപ്റ്റംബർ 29-നാണ് സമരം തുടങ്ങിയത്. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ പൂർണ്ണമായും അംഗീകരിച്ചതായാണ് വിവരം.
പ്രക്ഷോഭത്തെത്തുടർന്ന് വ്യഴാഴ്ച മേഖലയിൽ മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ്ലൈൻ സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. സമരക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷത്തിൽ പത്ത് പേരാണ് കൊല്ലപ്പെട്ടത്.











