
കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഞയറാഴ്ച്ചയാണ് ചോറ്റാനിക്കരയിലെ വീടിനുള്ളിൽ പോക്സോ അതിജീവിതയായ ഇരുപതുകാരിയെ അവശനിലയിൽ കണ്ടെത്തിയത്. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് യുവതി. കഴുത്തിൽ കയർ മുറുകി പരുക്കേറ്റ നിലയിലായിരുന്നു യുവതി. അർധനഗ്നയായയി കിടന്ന യുവതിയുടെ കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് യുവതിയെ വീടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തുന്നത്. മാതാവ് ഒരു വിവാഹ ചടങ്ങിനു പോയതിനാൽ യുവതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അടുത്ത ബന്ധുവാണ് യുവതി പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മർദനത്തിലാണോ ഗുരുതരമായി പരുക്കേറ്റത് എന്നാണ് സംശയം. യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ ശനിയാഴ്ച രാത്രി തന്നെ യുവതിയുടെ വീട്ടിൽ എത്തിയിരുന്നുവെന്നും ക്രൂരമായി മർദിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഞായറാഴ്ച വെളുപ്പിനെ ഇയാൾ ഇവിടെ നിന്നും പോയി. അന്ന് ഉച്ചയ്ക്കാണ് യുവതിയെ ഗുരുതരമായ നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. തുടർന്ന് ബസ് ജീവനക്കാരായ 2 പേർ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു









