03:37pm 27 June 2026
NEWS
ദർസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പോക്‌സോ കേസ്
27/06/2026  11:12 AM IST
nila
ദർസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പോക്‌സോ കേസ്

തലശ്ശേരി: ദർസിൽ പഠിക്കുന്ന 14-കാരനായ വിദ്യാർഥിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്ലിം ലീഗ് നേതാവിനെതിരെ തലശ്ശേരി ടൗൺ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് കേസ്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകനുമാണ് ഇയാൾ.

പോലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോയതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ദർസിൽവെച്ച് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് അധ്യാപകനിൽ നിന്ന് നേരിട്ടതായി കുട്ടി ലൈംഗികാതിക്രമ വിവരം വെളിപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 16-നാണ് തലശ്ശേരി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയത്.

ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പ്രതിക്കെതിരെ മുൻപും സമാന ആരോപണങ്ങൾ ഉയർന്നിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ അത്തരം പരാതികൾ രാഷ്ട്രീയ-സാമൂഹിക സ്വാധീനം ഉപയോഗിച്ച് ഒതുക്കിയെന്ന ആരോപണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമോ പൊലീസ് പ്രതികരണമോ ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img