
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് മുകേഷ് നായർക്കെതിരായ പരാതി. അനുമതിയില്ലാതെ കുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു. റീൽസ് ചിത്രീകരണത്തിന്റെ ഭാഗമായാണ് കുട്ടിക്കെതിരെ അതിക്രമം നടന്നത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കോവളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഒന്നരമാസം മുമ്പാണ് കോവളത്തെ റിസോർട്ടിൽ വെച്ച് റീൽസ് ചിത്രീകരണം നടന്നത്. മുകേഷ് നായരായിരുന്നു ഇതിൽ അഭിനയിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും പരാതിയിലുണ്ട്.
പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.










