05:32am 13 November 2026
NEWS
വൈറൽ താരം മൈനർ; വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കൾ കുടുങ്ങുമോ?
10/04/2026  08:46 PM IST
nila
വൈറൽ താരം മൈനർ; വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കൾ കുടുങ്ങുമോ?

തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തതോടെ, ചടങ്ങിൽ പങ്കെടുത്ത സിപിഎം നേതാക്കളും പ്രതിസന്ധിയിലായി.കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹവേളയിൽ സിപിഎം നേതാക്കളായ എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, എ എ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നിരുന്നു. “റിയൽ കേരള സ്റ്റോറി” എന്ന് വിശേഷിപ്പിച്ച ഈ വിവാഹം ഇപ്പോൾ വിവാദത്തിലായതോടെ നേതാക്കൾ പ്രതികരണം ഒഴിവാക്കുകയാണ്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ, വിവാഹത്തിൽ പങ്കെടുത്തവരും ബന്ധപ്പെട്ടവരും മധ്യപ്രദേശ് പൊലീസിന് മുന്നിൽ വിശദീകരണം നൽകേണ്ടി വരുമെന്നാണ് നിയമവിദ​ഗ്ധർ പറയുന്നത്. 

ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. വിവാഹത്തിന് മുമ്പ് പൊലീസിന് സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും, യഥാർത്ഥ രേഖ പ്രകാരം പെൺകുട്ടി 2009 ഡിസംബർ 30-ന് ജനിച്ചതാണെന്നും കണ്ടെത്തി. ഇതനുസരിച്ച് വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായം.

പ്രായം തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാർ ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദേശിക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ സിനിമാ ലോക്കേഷനിൽ നിന്ന് വൈറൽ താരത്തെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പിതാവ് ശ്രമിച്ചതോടെയാണ് തമ്പാനൂർ പൊലീസിന്റെ പരിഗണനയിലേക്ക് വിഷയം വന്നത്. അന്ന് പൊലീസിന് പിതാവ് നൽകിയ ജനന സർട്ടിഫിക്കറ്റും ആധാറും പ്രകാരം ജനനം 2008, ജനുവരി 1നാണ്. രേഖകൾ പ്രകാരം പ്രായപൂർത്തിയായതിനാലും ആരും തർക്കം ഉന്നയിക്കാതിരുന്നതിനാലും കൂടുതൽ പരിശോധന നടത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നോട്ടീസ് കിട്ടിയില്ലെന്ന് ഡിജിപി അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img