
തിരുവനന്തപുരം: ദേശീയ-സംസ്ഥാനതലത്തിൽ ചർച്ചയായ പല പീഡനക്കേസുകളിലെയും ഇരകളുടെ പേരും വ്യക്തിഗത വിവരങ്ങളും പരസ്യമാക്കിയ സംഭവത്തിൽ മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂർ പീഡനക്കേസ് തുടങ്ങി രാജ്യവും കേരളവും ഞെട്ടിച്ച സംഭവങ്ങളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ സ്വകാര്യ വിശദാംശങ്ങൾ ശ്രീലേഖ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതാണ് വിവാദം. തിരുവനന്തപുരം ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന 'സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി' സെക്രട്ടറി ആർ. ജയചന്ദ്രനാണ് പരാതിക്കാരൻ.
ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രൻ പോലീസിനെ സമീപിച്ചത്. ആദ്യം മ്യൂസിയം പോലീസിൽ പരാതി നൽകിയെങ്കിലും, മുൻ ഡിജിപിയുടെ സ്വാധീനം കാരണം കേസെടുത്തില്ല. പിന്നീട് കോടതിയെ സമീപിച്ചപ്പോൾ, പരാതിയും തെളിവുകളും പരിശോധിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. എം. അനിൽ കുമാർ കോടതിയിൽ ഹാജരായി.










