
സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി. ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിലാണ് പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം.നായർ മുഖ്യാതിഥിയായി പങ്കെടുത്തത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണൺ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.
ഇക്കഴിഞ്ഞ ഏപ്രിലിൽ മുകേഷ് നായർക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കോവളത്തെ റിസോർട്ടിൽ വച്ച് റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നും നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നുമാണ് ഇയാൾക്കെതിരായ പരാതി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽഅന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായർ ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.
മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്കൂളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയിൽ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകൻ പ്രതികരിച്ചത്. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകൻ പറഞ്ഞു. തിങ്കളാഴ്ച രാവിലെ തന്റെ ഫെയ്സ്ബുക്ക് പേജിൽ പരിപാടിയുടെ നോട്ടിസ് മുകേഷ് നായർ പങ്കുവച്ചിരുന്നു.











