
പതിനഞ്ചുകാരിയെ മദ്യം നൽകിയ ശേഷം ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ (26) നെയാണ് എംകെബി നഗർ വനിതാ പൊലീസ് പിടികൂടിയത്. പ്രദേശവാസിയായ പെൺകുട്ടിയെയാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മദ്യം നൽകിയ ശേഷം ലൈംഗികബന്ധത്തിലേർപ്പെട്ടത്.
വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. ഞായറാഴ്ച്ചയാണ് യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വ്യാസർപാടിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ബോധരഹിതയായി കാണപ്പെട്ടിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തി.
തുടർന്ന് പെൺകുട്ടിയോട് വിവരം തിരക്കിയതോടെയാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുമായി കഴിഞ്ഞ ഒന്നര വർഷമായി സൗഹൃദത്തിലായിരുന്നുവെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.











