
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ പ്രീമിയം 'ലക്ഷുറ' മെറ്റൽ ക്രെഡിറ്റ് കാർഡ് വിസ ഇൻഫിനിറ്റ് പ്ലാറ്റ്ഫോമിൽ പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ബാങ്ക് എംഡിയും സിഇഒയുമായ അശോക് ചന്ദ്രയാണ് പുതിയ പതിപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഉയർന്ന ക്രെഡിറ്റ് പരിധി, ആഗോള സ്വീകാര്യത, അന്താരാഷ്ട്ര യാത്രകൾക്കും ജീവിതശൈലികൾക്കും മുൻഗണന നൽകുന്ന ആനുകൂല്യങ്ങൾ എന്നിവയാണ് ഈ മെറ്റൽ കാർഡിൻ്റെ പ്രധാന ആകർഷണം. 4,999 രൂപ ജോയിനിംഗ് ഫീസിലും 1,999 രൂപ വാർഷിക ഫീസിലുമാണ് കാർഡ് ലഭ്യമാകുന്നത്.
കാർഡ് ആരംഭിച്ച് ആദ്യ 90 ദിവസത്തിനുള്ളിൽ 50,000 രൂപ ചെലവഴിക്കുന്നവർക്ക് 5,000 രൂപ മൂല്യമുള്ള 20,000 റിവാർഡ് പോയിന്റുകൾ വെൽക്കം ബെനിഫിറ്റായി ലഭിക്കും. ഇതിനുപുറമെ, ആഭ്യന്തര-അന്തർദേശീയ എയർപോർട്ട് ലോഞ്ചുകളിലേക്ക് അൺലിമിറ്റഡ് പ്രവേശനം, വിദേശ ഇടപാടുകൾക്ക് സീറോ ഫോറെക്സ് മാർക്ക്-അപ്പ്, പ്രീമിയം ഹോട്ടലുകളിലും വിമാന ടിക്കറ്റുകളിലും ആകർഷകമായ ഡിസ്കൗണ്ടുകൾ എന്നിവയും ലക്ഷുറ കാർഡ് വാഗ്ദാനം ചെയ്യുന്നു. സിനിമ ടിക്കറ്റുകൾക്ക് 'ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യമായി' ലഭിക്കുന്ന ഓഫറുകളും 24 മണിക്കൂർ കൺസേർജ് സേവനവും ഇതിൻ്റെ ഭാഗമാണ്.
Photo Courtesy - Google











