
തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പിഎംഐ ) കേരള ചാപ്റ്റർ സി. എക്സ് ഒ മീറ്റിന്റെ മൂന്നാം എഡിഷൻ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. എച്ച് എസ് ബി സി (HSBC ) യുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഡിജിറ്റൽ പരിവർത്തനങ്ങളുടെ അനന്ത സാധ്യതകൾ വിനിയോഗിച്ച് പ്രവർത്തിക്കുന്നതാണ് പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനങ്ങൾ. ഭരണരംഗവും, അടിസ്ഥാന സൗകര്യ വികസനവുമടക്കം സമസ്ത മേഖലകളിലും ഇത് വരുത്തുന്ന പരിവർത്തനത്തെക്കുറിച്ചും, നടപ്പിലാക്കേണ്ട അതിനൂതന സംവിധാനങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. വ്യവസായം, സർക്കാർ, പൊതു പ്രവർത്തകർ തുടങ്ങി നൂറിലധികം വിദഗ്ധർ പരിപാടിയിൽ പങ്കെടുത്തു.
പിഎംഐ കേരളയുടെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2023 ലാണ് സിഎക്സ്ഒ മീറ്റിന് തുടക്കമിട്ടത്. പിഎംഐ കേരള പ്രസിഡന്റ് അഖില ഗൗരി ശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംരംഭ തലത്തിലുള്ള അടിസ്ഥാന മാറ്റങ്ങൾ, സംസ്ഥാനത്തിന്റെ വികസന പരിപാടികൾ, കേന്ദ്രീകൃത ആസൂത്രണം, നിർവ്വഹണം എന്നിവയ്ക്ക് മുൻഗണന നൽകി പ്രോജക്ട് പ്രൊഫഷണലുകളുടെ പങ്കിനെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് അഖില ഗൗരി ശങ്കർ പറഞ്ഞു. എല്ലാ പൊതു-സ്വകാര്യ മേഖലകളുടെ വിജയത്തിന് അടിസ്ഥാനമാകാൻ പ്രോജക്ട് നേതൃത്വത്തിന് കഴിയണമെന്ന് അവർ പറഞ്ഞു.
കെ.പി.എം.ജി പാർട്നർ പ്രശാന്ത് .എസ്; പിഎംഐ സൗത്ത് ഏഷ്യ എംഡി അമിത് ഗോയൽ; അനിരുദ്ധ് ശർമ്മ ( പിഎംഐ സൗത്ത് ഏഷ്യ); ശ്രീനിവാസ് ബി (എച്ച്എസ്ബിസി); രഘുചന്ദ്രൻ നായർ, (തിരുവനന്തപുരം ചേമ്പർ ഓഫ് കമ്മേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻ്റ്); ശ്രീകുമാർ.വി (സെക്രട്ടറി, ജിടെക്); പിഎംഐ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ശ്രീജേഷ് വാര്യർ, പിഎംഐ ഫിനാൻസ് വൈസ് പ്രസിഡന്റ് ജോജി ജോൺ തുടങ്ങി കേരളത്തിലെ ബിസിനസ്, ടെക്നോളജി മേഖലകളിൽ നിന്നുള്ള പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
പ്രോജക്റ്റ് ചിന്തയെ ഉൾക്കൊള്ളുന്ന , മൂല്യാധിഷ്ഠിത നേതൃത്വത്തിന് എല്ലാ സ്ഥാപനങ്ങളെയും നവീകരിക്കാൻ സാധിക്കുമെന്ന് കെ.പി.എം.ജി പാർട്നർ പ്രശാന്ത് .എസ്, മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യയിൽ പിഎംഐയുടെ പ്രവർത്തന പദ്ധതികൾ ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടർ അമിത് ഗോയൽ അവതരിപ്പിച്ചു. പങ്കാളിത്തം, നൈപുണ്യ വികസനം, സാങ്കേതികവിദ്യ എന്നിവയിലൂടെ പ്രാദേശിക പ്രോജക്റ്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെപ്പറ്റി പിഎംഐ ദക്ഷിണേഷ്യ മാർക്കറ്റ്സ് മേധാവി അനിരുദ്ധ് ശർമ്മ വിശദീകരിച്ചു.ക്രോസ്-സെക്ടർ സഹകരണത്തെക്കുറിച്ചുള്ള സെഷന് എച്ച്എസ്ബിസിയിലെ ശ്രീനിവാസ് ബി നേതൃത്വം നൽകി.
Photo Courtesy - Google











