
ന്യൂഡൽഹി: രാജ്യത്ത് പുരപ്പുറ സോളർ പദ്ധതിയുടെ വ്യാപനം ശക്തമാക്കാൻ സംസ്ഥാനങ്ങൾ തമ്മിൽ മത്സരം മുറുകുന്നു. കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കീഴിൽ കേന്ദ്ര സബ്സിഡിക്ക് പുറമേ അധിക സാമ്പത്തിക ആനുകൂല്യങ്ങൾ കൂടി പ്രഖ്യാപിച്ചാണ് സംസ്ഥാനങ്ങൾ കൂടുതൽ ഉപയോക്താക്കളെ പദ്ധതിയിലേക്ക് ആകർഷിക്കുന്നത്. ഈ നീക്കത്തിൽ വൻ ലക്ഷ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ്.
സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകളിൽ കൂടി പുരപ്പുറ സോളർ പാനലുകൾ സ്ഥാപിക്കാനുള്ള നിർദേശമാണ് യോഗി ആദിത്യനാഥ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്നത്. പദ്ധതിക്കായി 3,750 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ അധികമായി 750 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി കൈവരിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി രണ്ടര ലക്ഷം വീടുകളിൽ ഒരു കിലോവാട്ട് ശേഷിയുള്ള സോളർ പ്ലാന്റുകൾ സ്ഥാപിക്കും. ശേഷിക്കുന്ന രണ്ടര ലക്ഷം വീടുകളിൽ രണ്ട് കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളായിരിക്കും ഒരുക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത സബ്സിഡിയായി ഓരോ ഉപയോക്താവിനും 1.08 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
പിഎം സൂര്യഘർ പദ്ധതിയുടെ ഭാഗമായി സബ്സിഡി ആനുകൂല്യത്തോടെ പുരപ്പുറ സോളർ സംവിധാനം സ്ഥാപിക്കാനുള്ള സമയപരിധി 2027 മാർച്ച് 31 വരെയാണ്.
രാജ്യത്താകെ ഇതുവരെ 68.09 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ പാനലുകൾ സ്ഥാപിച്ചതായാണ് ഏറ്റവും പുതിയ കണക്ക്. ഇതുവഴി 19,984 മെഗാവാട്ടിന്റെ സ്ഥാപിത വൈദ്യുതി ഉൽപാദനശേഷി കൈവരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ ഇതുവരെ 37,784 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്തു.
പദ്ധതിയിൽ ഉത്തർപ്രദേശിന്റെ നേട്ടവും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഇതിനകം 9.85 ലക്ഷം വീടുകളിൽ സോളർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ 3,262 മെഗാവാട്ട് സ്ഥാപിത ഉൽപാദനശേഷി കൈവരിക്കാനും ഉപയോക്താക്കൾക്ക് ആകെ 6,600 കോടി രൂപയുടെ സബ്സിഡി ആനുകൂല്യം ലഭിക്കാനും കഴിഞ്ഞിട്ടുണ്ട്. പുതിയ അഞ്ച് ലക്ഷം വീടുകളെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്നതോടെ രാജ്യത്തെ പുരപ്പുറ സോളർ രംഗത്ത് ഉത്തർപ്രദേശിന്റെ സ്ഥാനം കൂടുതൽ ശക്തമാകും.










