11:21am 13 November 2026
NEWS
പിഎം ശ്രീ: 'സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുംവരെ പദ്ധതിയുമായി മുന്നോട്ടില്ല'; കേരളം തയ്യാറാക്കിയ കത്തിലെ വിവരങ്ങള്‍ പുറത്ത്.
31/10/2025  12:01 PM IST
ചെറുകര സണ്ണിലൂക്കോസ്
പിഎം ശ്രീ:  സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുംവരെ പദ്ധതിയുമായി മുന്നോട്ടില്ല; കേരളം തയ്യാറാക്കിയ കത്തിലെ വിവരങ്ങള്‍ പുറത്ത്

 

പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന് അയയ്ക്കുന്ന കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. 

മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. 

സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേരളം കേന്ദ്രത്തിന് അയയ്ക്കുന്ന കത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് അയയ്ക്കുന്നത്. 

മന്ത്രിസഭ പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് ഏഴംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ സബ് കമ്മിറ്റി പിഎം ശ്രീ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ആ പഠനത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കേരളം പിഎം ശ്രീ കരാറുമായി മുന്നോട്ടുപോകുന്നില്ല, തല്‍ക്കാലം മരവിപ്പിക്കാനുളള തീരുമാനമാണ് മന്ത്രിസഭ എടുത്തത്. 

ഈ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ എത്ര സമയത്തേക്കാണ് കരാര്‍ മരവിപ്പിക്കുന്നത് എന്ന് കത്തില്‍ പറയുന്നില്ല.

ധാരണാപത്രം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നതും. സബ് കമ്മിറ്റിയിലുളള സിപിഐയുടെ മന്ത്രിമാരായ കെ. രാജനെയും പി. പ്രസാദിനെയും കത്തിന്റെ ഉളളടക്കം ധരിപ്പിച്ചിട്ടുണ്ട്. അവര്‍ കൂടി സംതൃപ്തരായതിനുശേഷമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് അയയ്ക്കുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img