02:16am 12 November 2025
NEWS
പി.എം.ശ്രീക്ക് 'മരവിപ്പിക്കൽ' കത്ത് നൽകിയില്ല: കേരളത്തിന് അനുഗ്രഹമായി 92.4 കോടി കേന്ദ്രഫണ്ട്
05/11/2025  09:37 AM IST
സുരേഷ് വണ്ടന്നൂർ
പി.എം.ശ്രീക്ക് മരവിപ്പിക്കൽ കത്ത് നൽകിയില്ല: കേരളത്തിന് അനുഗ്രഹമായി 92.4 കോടി കേന്ദ്രഫണ്ട്

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്തു നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും അത് വൈകിപ്പിച്ചതോടെ കേരളത്തിന് കേന്ദ്ര വിഹിതമായി 92.4 കോടി രൂപ അനുവദിച്ചു. എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ കേന്ദ്രം അനുവദിച്ച 109 കോടിയിൽ നിന്നുള്ള തുകയാണിത്.

​തടഞ്ഞുവെച്ച ഫണ്ട് അനുവദിച്ച് കേന്ദ്രം

​കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 109 കോടി അനുവദിച്ചതിൽ 92.4 കോടി ഇന്നലെ ലഭിച്ചു.
​ശേഷിക്കുന്ന 17.6 കോടി ഈയാഴ്ച തന്നെ നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
​പി.എം. ശ്രീയിൽ ഒപ്പിടാത്തതിനാൽ നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്.
​എസ്.എസ്.കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ഇന്നലെ ഉറപ്പുനൽകിയിരുന്നു.

​ 'മരവിപ്പിക്കൽ' കത്ത് നടപടി പുരോഗമിക്കുന്നു

​പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും തത്കാലം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് സി.പി.ഐയുമായി കഴിഞ്ഞയാഴ്ച ധാരണയായത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ട ശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്ക് ശേഷം വകുപ്പ് സെക്രട്ടറി തന്നെയാകും കേന്ദ്രത്തിന് കത്തയയ്ക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്സ് ഹർജി നിർണ്ണായകമായി

​എസ്.എസ്.കെയുടെ ഭാഗമായ സംസ്ഥാനത്തെ സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്സിന്റെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെ പരിഗണിക്കവേയാണ് ഫണ്ട് ഉടൻ കൈമാറുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം അറിയിച്ചത്.
​ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
​ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന 2800ലധികം സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്സ് സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.

​അർഹരായവർക്ക് സ്ഥിരനിയമനം നൽകണമെന്ന സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു.
​ഇത്രയധികം പേർക്ക് സ്ഥിരനിയമനം നൽകുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടിയ സംസ്ഥാന സർക്കാർ, അധികബാദ്ധ്യത നികത്താൻ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് കോടതി കേന്ദ്ര നിലപാട് തേടിയത്.
​ഇതിനു പിന്നാലെയാണ് ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയത്.
​നിയമന നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദ്ദേശം
​സ്‌പെഷ്യൽ എഡ്യുക്കേറ്റേർമാരുടെ സ്ഥിര നിയമന നടപടികൾ വേഗത്തിലാക്കാൻ കോടതി കേരളത്തോട് നിർദ്ദേശിച്ചു. 2026 ജനുവരി 31നകം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കണം.

​ ഫണ്ട് വിനിയോഗം:

 പുസ്തകത്തിനും ശമ്പളത്തിനും
​കേന്ദ്രമനുവദിച്ച തുക ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കും സ്‌പെഷ്യൽ എഡ്യുക്കേറ്റേർമാരുടെ ഒരു മാസത്തെ ശമ്പളത്തിനും വിനിയോഗിക്കുമെന്ന് എസ്.എസ്.കെ വൃത്തങ്ങൾ അറിയിച്ചു. പുസ്തകത്തിനും യൂണിഫോമിനുമായി സംസ്ഥാനം ചെലവാക്കിയതിന്റെ ഒരു വിഹിതവും ഇതിൽ നിന്ന് നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img