01:13am 08 October 2026
NEWS
പിഎം ശ്രീ തർക്കത്തിനിടെ കേരളത്തിന് ആശ്വാസം; കേന്ദ്രം എസ്എസ്കെ ഫണ്ടിൽ 106 കോടി അനുവദിച്ചു
06/10/2026  09:31 PM IST
nila
പിഎം ശ്രീ തർക്കത്തിനിടെ കേരളത്തിന് ആശ്വാസം; കേന്ദ്രം എസ്എസ്കെ ഫണ്ടിൽ 106 കോടി അനുവദിച്ചു

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കേരളത്തിന് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ ഫണ്ട് അനുവദിക്കൽ. സമഗ്ര ശിക്ഷാ കേരളത്തിന് (എസ്എസ്കെ) 106 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പിഎം ശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകാത്തതിനെ തുടർന്ന് തടഞ്ഞുവച്ച 1500 കോടി രൂപയുടെ കുടിശികയിൽനിന്നാണ് തുക അനുവദിച്ചത്.

അതേസമയം, നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള 480 കോടി രൂപയുടെ എസ്എസ്കെ ഫണ്ട് ഇപ്പോഴും കേന്ദ്രം അനുവദിച്ചിട്ടില്ല. ഇതോടെ കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് ലഭിക്കാത്തത് സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പിനും തിരിച്ചടിയായിരിക്കുകയാണ്.

എസ്എസ്കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ. മോഹൻകുമാർ ഡൽഹിയിലെത്തി കേന്ദ്ര ധനകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് 106 കോടി രൂപ അനുവദിച്ചത്.

ഫണ്ട് അനുവദിച്ചതിനു പിന്നാലെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് വീണ്ടും കത്തയച്ചു. പദ്ധതിയിൽ മുൻ സംസ്ഥാന സർക്കാർ നേരത്തെ ഒപ്പുവച്ചിട്ടുണ്ടെന്നും അതിനാൽ സ്കൂളുകൾ തിരഞ്ഞെടുക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദേശം.

എന്നാൽ കേന്ദ്രത്തിന്റെ കത്തിന് സംസ്ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. നിലവിലെ പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കാനിരിക്കെ രണ്ടാംഘട്ടമായി പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.

പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാത്തതിന്റെ പേരിൽ എസ്എസ്കെ ഫണ്ട് തടഞ്ഞുവച്ച നടപടി നേരത്തെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് കുടിശികയിൽനിന്ന് 106 കോടി രൂപ കേന്ദ്രം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img