09:36pm 07 November 2026
NEWS
പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് കേരളം
07/09/2026  03:09 PM IST
nila
പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് കേരളം

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി സന്ദർശനത്തിനിടെ വിഷയം ചർച്ചയാകാനാണ് സാധ്യത. പദ്ധതിയിൽ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് സർക്കാർ. പാഠ്യപദ്ധതിയിൽ ഇടപെടരുത്, സ്കൂൾ തിരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനത്തിന് നൽകണം തുടങ്ങിയ നിബന്ധനകളാണ് കേരളം കേന്ദ്രത്തിന് മുന്നിൽ വയ്ക്കുന്നത്. ഈ ആവശ്യങ്ങളിൽ കേന്ദ്രത്തിന്റെ അനുകൂല നിലപാട് ലഭിച്ചാൽ പി.എം. ശ്രീ പദ്ധതിയിൽ സഹകരിക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

അതേസമയം, ഡൽഹിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പി.എം. ശ്രീ വിഷയം ചർച്ചയായില്ലെന്നാണ് വിവരം. കേന്ദ്ര ഫണ്ട് ഉറപ്പാക്കാൻ പി.എം. ശ്രീ പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിക്കുന്നത്. ഉപാധികളോടെയെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ കേരളത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനുള്ള നീക്കം.

കോൺഗ്രസിൽ ഭിന്നാഭിപ്രായം

അതേസമയം, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ നിലപാടിലാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതിയെ ശക്തമായി എതിർത്ത കോൺഗ്രസ്, അധികാരത്തിലെത്തിയ ശേഷം അതേ പദ്ധതി നടപ്പാക്കുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് ഇവരുടെ വാദം. വിദ്യാഭ്യാസ മേഖലയിലേക്ക് ആർ.എസ്.എസ്. ആശയങ്ങൾ കടത്തിവിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പി.എം. ശ്രീ പദ്ധതിയെന്നും വിമർശനം ഉയരുന്നുണ്ട്.

എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പി.എം. ശ്രീ പദ്ധതിയുമായി സഹകരിച്ചിട്ടുണ്ടെന്ന ചൂണ്ടിക്കാട്ടലാണ് പദ്ധതിയെ അനുകൂലിക്കുന്ന വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ പദ്ധതിയുടെ കാര്യത്തിൽ കോൺഗ്രസിനുള്ളിലും ഭിന്നാഭിപ്രായം ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img