02:56am 30 June 2026
NEWS
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ
29/06/2026  11:23 AM IST
nila
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ് ഉള്ളതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ എം.എൽ.എ പ്രവീൺകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പദ്ധതിയിൽ നിന്ന് സംസ്ഥാനം പിന്മാറുകയാണെങ്കിൽ ഏകദേശം 2,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലായി 304 സ്കൂളുകൾക്ക് മൂന്ന് വർഷത്തേക്ക് ഒരു കോടി രൂപ വീതം അനുവദിക്കും. ഇതുവഴി കേരളത്തിന് ആകെ 900 കോടിയിലധികം രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇതിന് പുറമെ, പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന്റെ പേരിൽ മറ്റ് കേന്ദ്രസഹായ പദ്ധതികളിലേക്കുള്ള ഫണ്ടുകളും തടസപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയ്ക്ക് (എസ്.എസ്.കെ) ലഭിക്കേണ്ട 1,150 കോടി രൂപയും നഷ്ടമാകാൻ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതെല്ലാം ചേർന്നാൽ സംസ്ഥാനത്തിന് ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

എം.എൽ.എ ഉഷ വിജയന്റെ ചോദ്യത്തിന് മറുപടിയായി, പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി ഓരോ തെരഞ്ഞെടുത്ത സ്കൂളിനും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ തദ്ദേശസ്വയംഭരണ ബ്ലോക്കിലും ഒരു എലമെന്ററി സ്കൂളും ഒരു സെക്കൻഡറി സ്കൂളുമാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ ചെലവിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുചർച്ചകളോ വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായ ശേഖരണമോ നടന്നതായി രേഖകളിൽ കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, സർക്കാർ രൂപീകരിച്ച സെക്രട്ടറിമാരുടെ സമിതി പദ്ധതി പരിശോധിച്ച ശേഷം അതിൽ ഒപ്പുവെക്കാമെന്ന് സർക്കാരിന് ശുപാർശ നൽകിയതായി രേഖകളിൽ വ്യക്തമാണെന്നും എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img