
കൊച്ചി: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ എന്ന പേരിൽ കൊണ്ടുവരുന്ന പി.എം ശ്രീ പദ്ധതി മോദി സർക്കാരിൻ്റെ കാവിവൽക്കരണ അജണ്ടയുടെ ഭാഗമാണെന്നും അത് കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കരുതെന്നും സംസ്കൃത സർവകലാശാല മുൻ വി.സി എം.സി ദിലീപ് കുമാർ. എൻഇപി , പി എം ശ്രീ വിരുദ്ധ വിശാല സമരവേദി കച്ചേരിപ്പടി ഗാന്ധിഭവനിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ എജു ക്കേഷൻ പ്രോഗ്രാം ( എൻ ഇ പി ) പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമാണ്. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ തകർക്കാനായി വികസിത് ഭാരത് അധിസ്ഥാൻ ബിൽ കൊണ്ടുവരുകയാണ്. കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെ കേന്ദ്രീകൃതമാക്കി ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. ഷാജർ ഖാൻ, സെയ്ത് മുഹമ്മദ് (കെ എസ് ടി യു ) , അഡ്വ.കെ.എസ് രാധാകൃഷ്ണൻ (ഗാന്ധി പീസ് ഫൗണ്ടേഷൻ), ഡോ. ജോർജ് ജോസഫ് (ആൾ ഇന്ത്യ എജുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡൻ്റ്) ഇ.എൻ ശാന്തിരാജ് (ആൾ ഇന്ത്യ എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി),ഡോ.എം. ജ്യോതിരാജ് (മുൻ അഡി ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് )കെ എം ജയ പ്രകാശ് (കെ എസ് പി ടി എ )വിനോദ് ടി.എൻ (എ എച്ച് എസ് ടി എ )പ്രൊഫസർ ഫ്രാൻസിസ് കളത്തുങ്കൽ (ജനകീയ പ്രതിരോധ സമിതി),പ്രൊഫസർ കെ പി ശങ്കരൻ,ജോർജ് ജോസഫ്,അഡ്വ.നിള മോഹൻകുമാർ (എ ഐ ഡി എസ് ഒ) തുടങ്ങിയവർ സംസാരിച്ചു.
പ്രമേയം അഡ്വ.ഇ എൻ ശാന്തിരാജ് അവതരിപ്പിച്ചു.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ തിരസ്കരിക്കുന്ന, ബദൽ ദേശീയ വിദ്യാഭ്യസ നയം പ്രഖ്യാപിക്കുന്ന പീപ്പിൾസ് പാർലമെന്റ് ചരിത്ര മുന്നേറ്റമായിരിക്കുമെന്ന് എം പി സുരേന്ദ്രൻ പറഞ്ഞു. ഫ്രാൻസിസ് കളത്തിങ്കൽ നന്ദി പറഞ്ഞു.
Photo Courtesy - Google








