
തിരുവനന്തപുരം: ഓർക്കാപ്പുറത്ത് കത്തിപ്പടർന്ന പി.എം ശ്രീ വിവാദം ഒരുവിധം കെട്ടടങ്ങിയതോടെ കേരള രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. ശബരിമല സ്വർണത്തട്ടിപ്പും തൊട്ടുപിന്നാലെ വന്ന പി.എം. ശ്രീ വിവാദവും സൃഷ്ടിച്ച പ്രതിസന്ധിയിൽ എൽ.ഡി.എഫിനെ കടപുഴക്കാമെന്ന് യു.ഡി.എഫ് സ്വപ്നം കണ്ടെങ്കിലും, ഒറ്റ മന്ത്രിസഭാ യോഗത്തിലൂടെ ക്ഷേമ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിലപാട് തറ ഉറപ്പിച്ചത് ഭരണപക്ഷത്തിന് ആശ്വാസമായി.
എൽ.ഡി.എഫ്: ആശ്വാസത്തിന് വക നൽകി ക്ഷേമ പ്രഖ്യാപനം:
ശബരിമല സ്വർണത്തട്ടിപ്പിൽ ധർമ്മസങ്കടം തുടരുമ്പോഴും, സമസ്തമേഖലയിലുള്ളവർക്കും ക്ഷേമ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സർക്കാർ നീക്കം എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ക്ഷമത നൽകിയെന്നാണ് വിലയിരുത്തൽ. ക്ഷേമപെൻഷൻ 2000 ആക്കിയതും ആശാ പ്രവർത്തകർക്ക് 1000 രൂപ കൂട്ടിയതുമുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ അനുകൂല ഘടകങ്ങളാണ്.
എങ്കിലും, ശബരിമല സ്വർണത്തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആക്ഷേപം, ആരോഗ്യ മേഖലയിലെ വീഴ്ചകൾ, ക്രമസമാധാന തകർച്ച, മാവേലി സ്റ്റോറുകളിലെ ക്ഷാമം, വന്യജീവി ആക്രമണം എന്നിവ ഇടതുമുന്നണിക്ക് പ്രതികൂല ഘടകങ്ങളായി നിലനിൽക്കുന്നു.
യു.ഡി.എഫ്: ഐക്യമില്ലായ്മയും ഹൈക്കമാൻഡ് താക്കീതും
തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനവും നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവും പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫിന്റെ സ്ഥിതി നിലവിൽ അത്ര സന്തോഷകരമല്ല. കോൺഗ്രസിലെ പടലപിണക്കങ്ങളാണ് വലിയ തലവേദന. നാല് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കൈവരിച്ച ഐക്യം രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന് ശേഷം മങ്ങി.
കെ.പി.സി.സി. നേതൃത്വത്തെ ഡൽഹിയിലേക്ക് വിളിച്ച് ഹൈക്കമാൻഡ് ശക്തമായ താക്കീത് നൽകിയെന്നാണ് വിവരം. നേതാക്കൾ മുഖ്യമന്ത്രി കസേര കണ്ട് പനിക്കുന്നതിനെതിരെയായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ തിരഞ്ഞെടുപ്പ് നേരിടണമെന്ന നിർദ്ദേശം പ്രധാന നേതാക്കളെ ക്ഷീണിപ്പിച്ചു. സർക്കാരിന്റെ ആനുകൂല്യപ്പെരുമഴയെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് യു.ഡി.എഫിന്റെ പുതിയ അങ്കലാപ്പ്.
യു.ഡി.എഫിന് അനുകൂലമായി നിലനിൽക്കുന്നത് ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ, ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരം, സമയബന്ധിതമായി പൂർത്തിയാക്കിയ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, ശബരിമല സ്വർണത്തട്ടിപ്പ് വിഷയം എന്നിവയാണ്. എന്നാൽ, കോൺഗ്രസിലെ ചേരിപ്പോര്, പുനഃസംഘടനാ പ്രശ്‌നങ്ങൾ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, സർക്കാർ വീഴ്ചകൾ തുറന്നുകാട്ടുന്നതിലെ പാളിച്ച എന്നിവ പ്രതികൂല ഘടകങ്ങളാണ്.











