തിരുവനന്തപുരം: ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി നടപ്പാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) പൂർണമായും നടപ്പാക്കേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടത്. ഒരു ബ്ലോക്കിലെ രണ്ടു സ്‌കൂൾ എന്ന നിലയിൽ കേന്ദ്രനിയന്ത്രണത്തിലാവുമെന്നതും കേന്ദ്രപാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തെ രണ്ടുതട്ടിലാക്കുമെന്നതുമാണ് പദ്ധതി നടപ്പാക്കാതിരിക്കാൻ സംസ്ഥാനത്തെ പ്രേരിപ്പിച്ച മറ്റ് ഘടകങ്ങൾ.
കേരളം ധാരണാപത്രം ഒപ്പിടാത്തതിനാൽ ഈവർഷം എസ്.എസ്.കെ.ക്കു കിട്ടേണ്ട 513 കോടിരൂപയും കഴിഞ്ഞവർഷത്തെ 153 കോടി രൂപയും കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. സമ്മർദമേറിയതോടെ, കേന്ദ്രസഹായം നഷ്ടപ്പെടാതിരിക്കാൻ പി.എം-ശ്രീ നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറായി. എന്നാൽ സി.പി.ഐ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. സിപിഐ എതിർത്തതോടെ നയപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലുള്ള തർക്കം കണക്കിലെടുത്ത്, പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗീയവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എൻ.ഇ.പി.യെന്നാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവിമർശനം. ഇതോടെ വിവിധ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസപദ്ധതികൾ നടപ്പാക്കുന്ന സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ.)ത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി.