09:48pm 11 November 2026
NEWS
​മുന്നണിയിൽ 'ശ്രീ' കലങ്ങുന്നു; പി.എം. ശ്രീ പദ്ധതി യു.ഡി.എഫിനും വലിയ പ്രതിസന്ധി; ​കടുത്ത എതിർപ്പുമായി മുസ്ലിം ലീഗ്; എല്ലാ വശങ്ങളും പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി
18/06/2026  08:33 AM IST
സുരേഷ് വണ്ടന്നൂർ
​മുന്നണിയിൽ ശ്രീ കലങ്ങുന്നു; പി.എം. ശ്രീ പദ്ധതി യു.ഡി.എഫിനും വലിയ പ്രതിസന്ധി; ​കടുത്ത എതിർപ്പുമായി മുസ്ലിം ലീഗ്; എല്ലാ വശങ്ങളും പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി
HIGHLIGHTS

മുൻ സർക്കാർ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് വി.ശിവൻകുട്ടി.


​തിരുവനന്തപുരം: മുൻ ഇടതുമുന്നണി സർക്കാരിൽ സി.പി.എം-സി.പി.ഐ പോരിന് വഴിവെച്ച 'പി.എം. ശ്രീ' സ്കൂൾ പദ്ധതി നിലവിലെ യു.ഡി.എഫ് സർക്കാരിനും വലിയ കീറാമുട്ടിയാകുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ തലത്തിൽ ധാരണയായെങ്കിലും ഘടകകക്ഷിയായ മുസ്ലിം ലീഗ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ മുന്നണി പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിപക്ഷമാകട്ടെ, യു.ഡി.എഫിന്റേത് 'യു-ടേൺ' നയമാണെന്ന് പരിഹസിക്കുന്നു.
പ്രതിപക്ഷത്തിരുന്നപ്പോൾ പദ്ധതിയെ യു.ഡി.എഫ് ശക്തമായി എതിർത്തിരുന്നു. കാവിവൽക്കരണം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് പി.എം. ശ്രീയെന്നാണ് ലീഗ് ആരോപിക്കുന്നത്. സ്വന്തം വകുപ്പിൽ തന്നെ പദ്ധതി നടപ്പാക്കേണ്ടി വരുന്നതിലും, മതന്യൂനപക്ഷങ്ങളോട് ഇത് വിശദീകരിക്കേണ്ടി വരുന്നതിലും ലീഗിന് കടുത്ത അമർഷമുണ്ട്. സമസ്ത മുഖപത്രവും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും സർക്കാരിനെതിരെ രംഗത്തുവന്നത് ലീഗിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫും പ്രതിഷേധത്തിലാണ്.
​എന്നാൽ, കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുന്നത് മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതി തുടരണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. മറ്റ് ഘടകകക്ഷികളും ഇതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ലീഗ് ഇടഞ്ഞുനിന്നാൽ പദ്ധതി നടപ്പാക്കുക അസാധ്യമാകും.
​എല്ലാ വശങ്ങളും പരിശോധിക്കും: മന്ത്രി എൻ. ഷംസുദ്ദീൻ
​പി.എം. ശ്രീ പദ്ധതിയുടെ എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സർക്കാരിന്റെ അന്തിമ നിലപാട് വ്യക്തമാക്കും.
​"കഴിഞ്ഞ സർക്കാരാണ് പദ്ധതിയിൽ ഒപ്പിട്ട് പ്രതിസന്ധിയുണ്ടാക്കിയത്. വിവാദമായപ്പോൾ അവർ ഉപസമിതിയെ വെച്ച് പദ്ധതി നിർത്തിവെച്ചു. തുടർന്ന് കേന്ദ്രത്തിൽ നിന്ന് നിരവധി കത്തുകൾ വന്നു. പി.എം. ശ്രീ നടപ്പാക്കാത്തതിനാൽ എസ്.എസ്.കെയുടെ ഫണ്ട് കേന്ദ്രം നൽകിയിരുന്നില്ല. എന്നാൽ മുൻ സർക്കാർ ഒപ്പിട്ടതിന് ശേഷം തടഞ്ഞുവെച്ചിരുന്ന ചില ഫണ്ടുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ട്," മന്ത്രി പറഞ്ഞു.
​ഒരു രൂപപോലും വാങ്ങിയിട്ടില്ല: വി. ശിവൻകുട്ടി
​പി.എം. ശ്രീ പദ്ധതിയിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നടപടിയും മുൻ സർക്കാർ സ്വീകരിച്ചിട്ടില്ല. എസ്.എസ്.കെയ്ക്ക് ലഭിച്ച ഫണ്ടിന് പി.എം. ശ്രീയുമായി യാതൊരു ബന്ധവുമില്ല.
​"പി.എം. ശ്രീ നടപ്പാക്കാൻ സ്കൂളുകളുടെ പട്ടിക പോലും മുൻ സർക്കാർ നൽകിയിട്ടില്ല. മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. ഒപ്പിട്ട ശേഷം മന്ത്രിസഭ ചേർന്ന് നടപടികൾ മരവിപ്പിക്കാൻ തീരുമാനിച്ച കാര്യം കേന്ദ്രത്തെ കത്തു വഴി അറിയിച്ചിരുന്നു. മുൻ സർക്കാർ നിർത്തിവെച്ച പദ്ധതി തുടരണോ വേണ്ടയോ എന്നത് ഈ യു.ഡി.എഫ് സർക്കാരിന്റെ തീരുമാനമാണ്. മുൻ സർക്കാർ ഫണ്ട് വാങ്ങി എന്ന വാദം പൂർണ്ണമായും കള്ളമാണ്," വി. ശിവൻകുട്ടി വെല്ലുവിളിച്ചു.
​2025 ഒക്ടോബർ 23-നാണ് കേരളം പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടത്. അന്ന് സി.പി.ഐയുടെ കടുത്ത ഭീഷണിയെത്തുടർന്ന് എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു. അന്ന് സി.പി.ഐ ഉണ്ടാക്കിയ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ മുസ്ലിം ലീഗിലൂടെ യു.ഡി.എഫും നേരിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img