
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിദ്യാലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട 'പി.എം. ശ്രീ' പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, ഇടതുമുന്നണിയിലും മന്ത്രിസഭയിലും ശരിയായ ചർച്ചകൾ നടത്തിയതിനു ശേഷമായിരുന്നില്ല ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി സമ്മതിച്ചു.
സി.പി.ഐ. ഉയർത്തിയ ആക്ഷേപങ്ങളെ ശരിവെക്കുന്നതാണ് ഗോവിന്ദന്റെ ഈ വെളിപ്പെടുത്തൽ. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി സർക്കാരിന്റെ വീഴ്ച പരസ്യമായി തുറന്നുപറയുന്നത്.
പാർട്ടിക്ക് ക്ഷീണം, സി.പി.ഐ.ക്ക് മുൻതൂക്കം
പി.എം. ശ്രീ വിഷയത്തിൽ ഘടകകക്ഷികളെ മാത്രമല്ല, പാർട്ടിയെയും സർക്കാരിനെ ഇരുട്ടിൽ നിർത്തി എന്ന പ്രതിപക്ഷ ആരോപണത്തെ ഗോവിന്ദന്റെ പ്രസ്താവന ശരിവെക്കുന്നു. സർക്കാരിനെ തിരുത്താൻ ചുമതലയുള്ള പാർട്ടി നേതൃത്വം പരാജയപ്പെട്ടതും, ഘടകകക്ഷിയായ സി.പി.ഐ.ക്ക് ഈ വിഷയത്തിൽ മുൻതൂക്കം ലഭിച്ചതും പാർട്ടിക്ക് വലിയ ക്ഷീണമായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ.യുടെ വാദങ്ങൾ ശരിയാണെന്ന് സമ്മതിക്കാൻ തയ്യാറായിരുന്നില്ല.
എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്. നിലപാടുകളെ തള്ളി
മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാണിക്കുകയും "സംഘി മന്ത്രി" എന്ന് അധിക്ഷേപിക്കുകയും ചെയ്ത സി.പി.ഐയുടെ യുവജന, വിദ്യാർത്ഥി സംഘടനകളായ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും നിലപാടുകളെ എം.വി. ഗോവിന്ദൻ തള്ളിക്കളഞ്ഞു.
"പൊതു സമൂഹത്തിന് തെറ്റാണെന്നു തോന്നുന്ന എല്ലാ പ്രയോഗങ്ങളും തെറ്റു തന്നെയാണ്."
പി.എം. ശ്രീ പദ്ധതി സംബന്ധിച്ച് ഇടതുമുന്നണി ചർച്ചചെയ്ത് തീരുമാനമെടുത്ത് മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.











