04:06pm 04 September 2026
NEWS
ഒപ്പിട്ടില്ലെങ്കിൽ ഫണ്ടില്ല, ഒപ്പിട്ടാൽ നാണക്കേട്; പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ത്രിശങ്കുവിൽ
04/09/2026  01:20 PM IST
nila
ഒപ്പിട്ടില്ലെങ്കിൽ ഫണ്ടില്ല, ഒപ്പിട്ടാൽ നാണക്കേട്; പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ത്രിശങ്കുവിൽ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്ന ആവശ്യം ആവർത്തിച്ച് കേന്ദ്രസർക്കാർ. സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) പദ്ധതിയിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (ആർടിഇ) ഫണ്ടുകൾക്ക് പുറമെ മറ്റ് വിഹിതങ്ങൾ ലഭിക്കണമെങ്കിൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായിരിക്കണമെന്ന നിലപാടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും വ്യക്തമാക്കിയത്. ഇതോടെ ഇടവേളയ്ക്കുശേഷം പിഎം ശ്രീ വിഷയം സംസ്ഥാനത്ത് വീണ്ടും സജീവ ചർച്ചയാകുകയാണ്.

ഡൽഹിയിൽ എസ്എസ്കെ ഡയറക്ടറുമായി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയിലും ഇതേ നിലപാട് ആവർത്തിച്ചു. കേരളം പിഎം ശ്രീ വിഷയത്തിൽ ഇതുവരെ വ്യക്തമായ നയപരമായ തീരുമാനം കൈക്കൊള്ളാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചോദിച്ചതായാണ് വിവരം. പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കാനുള്ള എസ്എസ്കെ കുടിശ്ശിക ഏകദേശം 1500 കോടി രൂപയാണ്. നടപ്പുവർഷം മാത്രം എസ്എസ്കെ ഇനത്തിൽ ലഭിക്കാനുള്ളത് 350 കോടി രൂപയാണെന്നാണ് കണക്ക്. ആർടിഇ നിയമത്തിന്റെ പരിധിയിലുള്ള പദ്ധതികൾക്ക് ഫണ്ട് ലഭിക്കുന്നതിൽ പിഎം ശ്രീ അംഗത്വം നിർബന്ധമല്ലെങ്കിലും മറ്റ് പദ്ധതികളുടെ വിഹിതം ലഭിക്കാൻ കേരളം പിഎം ശ്രീയിൽ തുടരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പിഎം ശ്രീ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്ന മുൻ നിലപാടിൽ ഉറച്ചുനിന്ന് കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കണോ, അതോ എതിർപ്പുകൾ അവഗണിച്ച് പദ്ധതിയിൽ തുടരണമോ എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന ചോദ്യം. കേന്ദ്രത്തിന്റെ പുതിയ കത്ത് ലഭിക്കുന്നതോടെ വിഷയത്തിൽ വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവമാകുമെന്നാണ് സൂചന. അതേസമയം, പിഎം ശ്രീ വിഷയത്തിൽ കോൺഗ്രസിനുള്ളിലും ഭിന്നത ശക്തമാകുകയാണ്. മുസ്‌ലിം ലീഗിലെ അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെ ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുയർന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ളവർ പദ്ധതിയെ വിമർശിച്ചു.
പിഎം ശ്രീയിൽനിന്ന് പിന്മാറുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന നിലപാട് മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് സർക്കാരിന് രാഷ്ട്രീയമായി വെല്ലുവിളിയാകും.


പിഎം ശ്രീ വിഷയത്തിൽ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ടുതവണ യോഗം ചേർന്നിട്ടുണ്ട്. മൂന്നാം യോഗത്തോടെ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു നേരത്തെ ധാരണ. എന്നാൽ രാഷ്ട്രീയ സമവായം രൂപപ്പെടാത്തതാണ് തീരുമാനം വൈകാൻ പ്രധാന കാരണം.
മുഖ്യമന്ത്രിക്കും വിദ്യാഭ്യാസവകുപ്പിനും പദ്ധതിയിൽ ചില ഇളവുകൾ നേടിയെടുത്ത് തുടരുകയും കേന്ദ്രഫണ്ട് ഉറപ്പാക്കുകയും ചെയ്യണമെന്ന നിലപാടാണെന്നാണ് സൂചന. അതേസമയം, പിഎം ശ്രീ കരാറിനെതിരെ നേരത്തെ കടുത്ത നിലപാടുകളും പരസ്യ വിമർശനങ്ങളും ഉയർന്നിരുന്നു.
തീരുമാനം നീട്ടിവച്ച് വിവാദം താൽക്കാലികമായി അവസാനിപ്പിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. എന്നാൽ കേന്ദ്രത്തിന്റെ പുതിയ കത്ത് വന്നതോടെ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലേക്ക് എത്തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img