
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുരഞ്ജന നീക്കം. പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന കടുത്ത നിലപാടിലായിരുന്ന സി.പി.ഐ, ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ സമവായത്തിന് വഴങ്ങിയേക്കും. ഇരു പാർട്ടികളുടെയും മുഖം രക്ഷിക്കുന്ന ഒരു ഒത്തുതീർപ്പിനാണ് മുന്നണി നേതൃത്വം ശ്രമിക്കുന്നത്.
ഇരുപക്ഷത്തെയും പ്രമുഖർ ആലപ്പുഴയിൽ ഒരുമിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ന് വൈകുന്നേരം പുന്നപ്ര-വയലാർ വാർഷിക പൊതുസമ്മേളനത്തിന് മുമ്പ് പ്രശ്നം അവസാനിപ്പിക്കാനാണ് നീക്കം. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് രാവിലെ 10ന് ആലപ്പുഴയിൽ ചേരും. ഇതേ സമയം മുഖ്യമന്ത്രിയും ആലപ്പുഴയിലുണ്ട്.
സഞ്ജയ് കുമാറിൻ്റെ പ്രതികരണം തുണയായി:
ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിലെ സിലബസ് അതേപടി നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് സി.പി.ഐക്ക് പിടിവള്ളിയായെന്നാണ് സൂചന. പാഠ്യപദ്ധതിയും പുസ്തകവും എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വെളിപ്പെടുത്തൽ സി.പി.ഐ വിശ്വാസത്തിലെടുക്കാൻ തയ്യാറായാൽ, പദ്ധതി നടപ്പാക്കുന്നതിനായി ഒരു മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം ഒത്തുതീർപ്പ് ഫോർമുലയായി മാറും. പദ്ധതി നടപ്പാക്കുമെന്നും, എന്നാൽ പാഠ്യപദ്ധതി സംസ്ഥാനം തീരുമാനിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആവർത്തിക്കുന്നത്.
തെരഞ്ഞെടുപ്പ് സമ്മർദ്ദവും ഒത്തുതീർപ്പിന് കാരണം:
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുന്നണി വിടുന്നത് സി.പി.ഐക്ക് ആത്മഹത്യാപരമാവുമെന്ന തിരിച്ചറിവ് ഇരുപാർട്ടികളെയും സമവായത്തിലെത്തിക്കാൻ നിർബന്ധിതരാക്കുകയാണ്. പദ്ധതിയിലെ നിബന്ധനകളുമായി മുന്നോട്ട് പോകില്ലെന്ന നിലപാടാണ് മന്ത്രി ശിവൻകുട്ടി ആവർത്തിക്കുന്നത്. പദ്ധതി അടുത്ത എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യാമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.
എൽ.ഡി.എഫ് കൺവീനർക്ക് സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം നൽകിയ കത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല.











