
ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നൂറു രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപ നാണയമാണ് പുറത്തിറക്കിയത്. നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ എന്നിവരും പങ്കെടുത്തു.
പ്രധാനമന്ത്രി എല്ലാവർക്കും മഹാനവമി ആശംസകൾ നേർന്ന് സംസാരിച്ചു. 100 വർഷങ്ങൾ മുമ്പ് ദസറ ദിനത്തിൽ ആർഎസ്‌എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും മോദി പറഞ്ഞു. ശാഖകൾ രാജ്യത്തിന്റ വികസനത്തിന് സഹായിക്കുന്നു. സ്വാതന്ത്ര്യസമര സമയത്ത് ഡോ. ഹെഡ്ഗെവാർ നിരവധി തവണ ജയിലിൽ കിടന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് സംരക്ഷണം നൽകി. രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർഎസ്‌എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.











