
തിരുവനന്തപുരം: കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. 'മാറാത്തത് ഇനി മാറും' എന്ന് മലയാളത്തിൽ മോദി പറഞ്ഞു. ബിജെപി തിരുവനന്തപുരത്തെ വികസനത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചെന്ന് മോദി കുറ്റപ്പെടുത്തി. എന്നാൽ ഇനി മാറ്റമുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സർക്കാർ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ സർവസന്നദ്ധരാണെന്നും മോദി വ്യക്തമാക്കി.
ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നതെന്ന് നരേന്ദ്ര മോദി പ്രവർത്തകരോടു പറഞ്ഞു. 1987നു മുൻപ് ഗുജറാത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങിയിരുന്ന പാർട്ടിയായിരുന്നു ബിജെപി. അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപി തുടങ്ങിയത്. അവിടെ ബിജെപി നടത്തിയ ഭരണം ജനം കണ്ടു, അവർ പിന്തുണ നൽകി. ഗുജറാത്തിലെ ഒരു പട്ടണത്തിൽ നിന്നും തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു സമാനമായാണ് തിരുവനന്തപുരം പിടിച്ച് കേരളത്തിൽ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നു രാവിലെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താളത്തിൽനിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയിൽവേയുടെ പരിപാടിയിലേക്കെത്തിയത്. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമവും മോദി നിർവ്വഹിച്ചു.











