
പാട്‌ന: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അവർ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം പഹൽഗാമിൽ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടമായവർക്കൊപ്പമാണ്. ആക്രമണത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഭീകരർക്ക് മുന്നറിയിപ്പ് നൽകിയത്.
ഓരോ തീവ്രവാദിയെയും കണ്ടെത്തി അവരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദികളെ സഹായിക്കുന്നവരെയും ശിക്ഷിക്കും. ഭൂമിയുടെ അറ്റംവരെ പോയാലും ഭീകരരെ പിന്തുടർന്ന് തുരത്തുമെന്നും മോദി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം അർപ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാൻ പ്രധാനമന്ത്രി സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു. തുടർന്ന് പഹൽഗാമിൽ ജീവൻ പൊലിഞ്ഞവർക്കുവേണ്ടി മൗനം ആചരിച്ചശേഷമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.











