09:23pm 25 October 2026
NEWS
'സേനയ്ക്ക് സല്യൂട്ട്'; പഹൽ​ഗാമിലെ രക്തത്തിന് പകരംവീട്ടിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
12/05/2025  08:12 PM IST
nila
 സേനയ്ക്ക് സല്യൂട്ട്; പഹൽ​ഗാമിലെ രക്തത്തിന് പകരംവീട്ടിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയെങ്കിലും അപ്പോഴൊന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഭീകരർ ഭൂമിയുടെ ഏതു കോണിൽപോയി ഒളിച്ചാലും പിന്തുടർന്ന് പിടികൂടുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. അതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

പഹൽ​ഗാമിലെ ഭീകരാക്ര‌മണത്തിന് മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിനും അർധ സൈനികർക്കും സാങ്കേതികവിദഗ്ധർക്കും ഓരോ ഇന്ത്യക്കാരുടെയും പേരിൽ അഭിവാദ്യമാർപ്പിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനുമാണ് കഴിഞ്ഞുപോയ ദിവസങ്ങളിൽ നമ്മൾ സാക്ഷികളായതെന്നും നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്നമാണ് നടത്തിയതെന്നും മോദി പറഞ്ഞു.നമ്മുടെ ജവാന്മാരുടെ വീര്യത്തെയും സാഹസത്തെയും കരുത്തിനെയും നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 ഏപ്രിൽ 22ന് പഹൽഗാമിൽ നടന്നത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. അവധി ആഘോഷിക്കാനെത്തിയ നിർദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ, കുട്ടികൾക്കു മുന്നിൽവച്ചാണ് കൊലപ്പെടുത്തിയത്. ഈ നാടിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമവും അവർ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ലെന്നും ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണെന്നും മോദി പറഞ്ഞു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. നമ്മുടെ സൈന്യം ഭീകര ക്യാംപുകളിൽ കൃത്യമായ ആക്രമണം നടത്തി. ഇന്ത്യയ്ക്ക് ഇത്രയും വലിയ ഒരു ആക്രമണം നടത്താൻ കഴിയുമെന്ന് ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. നമ്മുടെ പെൺമക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു.

നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ. മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലർച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരക്യാംപുകളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ കനത്ത പ്രഹരം നടത്തി.

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നൂറിലധികം ഭീകരരെ വധിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയ്ക്കൊപ്പം നിൽക്കേണ്ടതിന് പകരം പാകിസ്ഥാൻ ആക്രമണം അഴിച്ചു വിടുകയാണ് ചെയ്തത്. ഗുരുദ്വാരകൾ, സ്കൂളുകൾ, സാധാരണക്കാരുടെ വീടുകൾ എന്നിവയാണ് പാകിസ്ഥാൻ ലക്ഷ്യം വച്ചത്. പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്താൻ തയ്യാറായപ്പോൾ ഇന്ത്യ പാകിസ്ഥാന്റെ ഹൃദയ ഭാഗത്ത് തന്നെ ആക്രമണം നടത്തിയെന്നും മോദി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img